മാഡ്രിഡ്– ലാ ലീഗയിൽ റയൽ മാഡ്രിഡ് തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ഒവിയെഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. കിലിയൻ എംബാപ്പെ രണ്ട് ഗോളുകളോടെ തിളങ്ങിയപ്പോൾ, മൂന്നാം ഗോൾ വിനീഷ്യസ് ജൂനിയർ സ്വന്തമാക്കി.
ആദ്യ മത്സരത്തിലെ ഇലവനിൽ മാറ്റങ്ങളോടെയാണ് റയൽ കളത്തിലിറങ്ങിയത്. ഇടത് വിങ്ങിൽ റോഡ്രിഗോയും വലത് വിങ്ങിൽ യുവതാരം ഫ്രാങ്കോ മസ്‌തൻ്റുവാനോയും എംബാപ്പെക്കൊപ്പം മുന്നേറ്റനിരയിൽ ഇടംപിടിച്ചു. എ.സി.എൽ പരുക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ ക്യാപ്റ്റൻ ഡാനി കാർവഹാലും ഇലവനിൽ ഉൾപ്പെട്ടു.
ആദ്യ പകുതിയിൽ തന്നെ റയൽ ലീഡ് നേടി. അർദ ഗുളർ നൽകിയ പന്ത് സ്വീകരിച്ച എംബാപ്പെ, പ്രതിരോധനിരയെ വെട്ടിച്ച് ബോക്സിലേക്ക് കുതിച്ചു. തുടർന്ന് അവിസ്മരണീയമായ ഷോട്ടിലൂടെ അദ്ദേഹം റയലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ വിനീഷ്യസ് രണ്ടാം ഗോളിന് വഴിയൊരുക്കി. വിനീഷ്യസിന്റെ കൃത്യമായ പാസ് എംബാപ്പെ വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ വിനീഷ്യസ് സ്വന്തമായി ഒരു ഗോൾ കൂടെ നേടിയതോടെ റയൽ വിജയം കണ്ടെത്തി.