മാഡ്രിഡ്: സൂപ്പർ താരം കെയ്‌ലിയൻ എംബാപ്പെ ചുവപ്പുകാർഡ് കണ്ട എവേ മത്സരത്തിൽ അലാവസിനെ ഒരു ഗോളിന് മറികടന്ന് റയൽ മാഡ്രിഡ്. ലെഗാനസിന്റെ ഗ്രൗണ്ടിൽ ബാർസയും ജയം കണ്ടതോടെ സ്പാനിഷ് ലാലിഗയിലെ കിരീടപോരാട്ടം കടുത്തു. 31 റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ 70 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനത്തും 66 പോയിന്റുള്ള റയൽ രണ്ടാമതുമാണ്.
34-ാം മിനുട്ടിൽ എഡ്വാഡോ കാമവിംഗയുടെ ഗോളിൽ മുന്നിലെത്തിയ റയലിന് നാല് മിനുട്ടിനു ശേഷം സൂപ്പർ താരം എംബാപ്പെയെ നഷ്ടമായി. എതിർ ടീം താരത്തെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിനാണ് ഫ്രഞ്ച് താരം നേരിട്ടുള്ള ചുവപ്പുകാർഡ് കണ്ടത്. ആൾബലത്തിന്റെ ആനുകൂല്യത്തിൽ ഗോൾ തിരിച്ചടിക്കാൻ അലാവസ് കഠിനമായി പരിശ്രമിച്ചെങ്കിലും റയലിന്റെ ഡിഫൻസ് പൊളിക്കാൻ കഴിഞ്ഞില്ല. 70-ാം മിനുട്ടിൽ മനു സാഞ്ചസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ അലാവസും പത്തു പേരായി ചുരുങ്ങി.
നേരത്തെ, തരംതാഴ്ത്തപ്പെടൽ ഭീഷണിയിലുള്ള ലെഗാനസിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് ബാർസലോണ കിരീടത്തിലേക്കുള്ള യാത്രയിൽ ഉറച്ച ചുവടുവെച്ചത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം ലെഗാനസ് താരം ജോർജ് സയേൻസിന്റെ സെൽഫ് ഗോളാണ് ഹാൻസി ഫ്‌ളിക്കിന്റെ ടീമിനെ മുന്നിലെത്തിച്ചത്. ഗോൾ തിരിച്ചടിക്കാൻ ലെഗാനസ് കഠിനപരിശ്രമം നടത്തിയെങ്കിലും ഫൈനൽ തേഡിലെ നിലവാരമില്ലായ്മ തിരിച്ചടിയായി. ലഭിച്ച മികച്ച അവസരങ്ങൾ ഗോളിലെത്തിക്കാൻ ബാർസയ്ക്കും കഴിഞ്ഞില്ല.