ബാർസലോണ– ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ ജയത്തോടെ ഒന്നാമത് തുടരുന്നു. റയൽ ബെറ്റിസിനെ അവരുടെ തട്ടകത്തിൽ ഫെറാൻ ടോറസിന്റെ ഹാട്രിക് കരുത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോറസിനെ കൂടാതെ ലാമിൻ യമാൽ, റൂണി ബർഗ്ജി എന്നിവരും നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടി ഗോളുകൾ നേടി. ആതിഥേർക്കുവേണ്ടി ആന്റണി, കുച്ചോ ഹെർണാണ്ടസ്, ഡിഗോ ലോറൻ്റെ എന്നിവരാണ് ബാർസ വല കുലുക്കിയത്.
ആറാം മിനുറ്റിൽ തന്നെ ആന്റണിയുടെ ഗോളിൽ ബെറ്റിസ് മുന്നിലെത്തി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 11 -ാം മിനുറ്റിൽ പെഡ്രിയുടെ പാസ്സിൽ ഗോൾ നേടി ടോറസ് ടീമിനെ ഒപ്പമെത്തിച്ചു. രണ്ടു മിനുറ്റുകൾക്ക് ശേഷം ടോറസ് വീണ്ടും ലക്ഷ്യം കണ്ടതോടെ കാറ്റിലോണിയൻ ക്ലബ്ബ് മുന്നിലെത്തി. റൂണിയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. 31-ാം മിനുറ്റിൽ റൂണി ബാർസ തന്റെ ആദ്യ ഗോളും കൂടി കണ്ടതോടെ സ്കോർ 3-1. 40-ാം മിനുറ്റിൽ ടോറസ് മികച്ച ഒരു ഗോളിലൂടെ ഹാട്രിക്കും തികച്ചു.
59-ാം മിനുറ്റിലാണ് അടുത്ത ഗോൾ പിറന്നത്. ഹാൻഡ് ബോളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു യമാൽ ബാർസയുടെ ലീഡ് വർധിപ്പിച്ചു. അവസാന നിമിഷങ്ങളിൽ ലോറന്റെയും, ഹെർണാണ്ടസും ബെറ്റി സിന് വേണ്ടി ഗോൾ നേടി തോൽവി ഭാരം കുറച്ചു.
മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോ എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. 85-ാം മിനുറ്റിൽ അലജാൻഡ്രോ അലെക്സ് ബെറെൻഗ്വറാണ് വിജയ ഗോൾ സ്വന്തമാക്കിയത്.
ലാലിഗയിൽ നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ബാർസ ഒന്നാമതും, ഒരു മത്സരം കുറച്ചു കളിച്ച റയൽ 36 പോയിന്റുമായി രണ്ടാമതുമാണ്. 31 പോയിന്റ് ഉള്ള അത്‌ലറ്റികോ മാഡ്രിഡ് നാലാമതാണ്.
മറ്റു മത്സരങ്ങൾ
വിയ്യ റയൽ – 2 ( ടാജോൺ ബുക്കാനൻ – 45+5/ മിക്കൗതാഡ്സെ – 64)
ഗെറ്റഫെ – 0
ഡിപാർട്ടിവോ അലാവസ് – 1 ( ലുക്കസ് ബോയെ – 45+4 – പെനാൽറ്റി)
റയൽ സോസിഡഡ് – 0



