ജിദ്ദ- സൗദി അറേബ്യയിലെ ഫുട്ബോൾ പ്രേമികളുടെ ആവേശക്കാത്തിരിപ്പ് തീരാൻ ഇനി ഒരു ദിവസത്തെ ദൂരം മാത്രം ബാക്കി. സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും കെ.എം.സി.സി ഒരുക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് പന്തുരുളാൻ മണിക്കൂറുകൾ ബാക്കി. 17ന് (വെള്ളി) ജിദ്ദ വസീരിയയിലെ അൽ തൗൻ അക്കാദമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നിരവധി കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഇ.ടി മുഹമ്മദ് ബഷീർ എം.പി ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരക്കാണ് ഉദ്ഘാടന സെഷൻ. ആറരക്ക് ആദ്യമത്സരത്തിൽ എൻകംഫർട്ട് എ.സി.സി-റീം റിയൽ കേരളയുമായി മത്സരിക്കും. എട്ടരക്കാണ് രണ്ടാമത്തെ മത്സരം. എച്ച്.എം.ആർ എഫ്.സി യാമ്പു-ചാംസ് സാബിൻ എഫ്.സിയുമായി മത്സരിക്കും.
സൗദിയുടെ നാലു പ്രവിശ്യകളിലുമായി നടക്കുന്ന ഫുട്ബോൾ മേള സൗദി അറേബ്യയുടെ ചരിത്രത്തിൽ ഒരു മലയാളി സംഘടന നടത്തുന്ന ഏറ്റവും വലിയ കായികോത്സവം കൂടിയാണ്. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്പോര്‍ട്സ് വിംഗിന്‍റെ നേതൃത്വത്തിലാണ് കളിയാരവം ഉയരുന്നത്.
ജിദ്ദ, റിയാദ്, ദമാം, യാമ്പു തുടങ്ങിയ നാല് പ്രവിശ്യകളിലും മത്സരം നടക്കും. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി അതാത് പ്രവിശ്യകളിലെ കാല്‍പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജിദ്ദയില്‍ നിന്നും മൂന്നും റിയാദ്, ദമാം എന്നിവിടങ്ങളില്‍നിന്ന് രണ്ട് ടീമുകള്‍ വീതവും യാമ്പുവില്‍നിന്ന് ഒരു ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവര്‍ കളത്തിലിറങ്ങും. ഉദ്ഘാടനം ജിദ്ദയിലും സെമിഫൈനല്‍ മത്സരങ്ങള്‍ ദമാമിലും ജിദ്ദയിലുമായി നടക്കുമ്പോൾ ഫൈനല്‍ മത്സരം റിയാദിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ടൂര്‍ണമെന്‍റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണും പുറത്തിറക്കുന്നുണ്ട്. 8 ഗ്രാം വീതമുള്ള 20 സ്വര്‍ണ നാണയങ്ങളും മറ്റനേകം സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.