കൊളംബോ– ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. കായികലോകം ഉറ്റുനോക്കുന്ന ഈ ക്ലാസിക് പോരാട്ടം ഇന്ത്യൻ സമയം രാത്രി 7-നാണ് ആരംഭിക്കുന്നത്. വിവാദങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ പശ്ചാത്തലത്തിൽ നടക്കുന്ന മത്സരമായതിനാൽ കളിക്കളത്തിലെ പ്രകടനത്തിന് പുറമെ ഇരുടീമുകളുടെയും നീക്കങ്ങളും ശ്രദ്ധാകേന്ദ്രമാകും.
സ്പിന്നിനെ തുണയ്ക്കുന്ന കൊളംബോയിലെ പിച്ചിൽ പാകിസ്ഥാന് നേരിയ മുൻതൂക്കമുണ്ട്. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നായി പാക് സ്പിന്നർമാർ 13 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. ഉസ്മാൻ താരിഖ് നയിക്കുന്ന ശക്തമായ സ്പിൻ നിരയെയാണ് ഇന്ത്യ നേരിടേണ്ടത്. മറുവശത്ത്, കൂടുതൽ റൺസ് വഴങ്ങുന്ന അർഷ്ദീപ് സിംഗിന് പകരം കുൽദീപ് യാദവിനെ ഉൾപ്പെടുത്തി സ്പിൻ കരുത്ത് വർദ്ധിപ്പിക്കാനാണ് ഇന്ത്യൻ നീക്കം. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന റിങ്കു സിംഗിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തിയേക്കും.
ബാറ്റിംഗ് നിരയിൽ ഓപ്പണർ അഭിഷേക് ശർമ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ഇന്നലത്തെ പരിശീലന സെഷനിലെ ബാറ്റിംഗ് ക്രമം സൂചിപ്പിക്കുന്നത് ഇഷാൻ കിഷനും അഭിഷേകും തന്നെയാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നാണ്. അങ്ങനെ വന്നാൽ സഞ്ജു സാംസണ് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായേക്കും.
മത്സരത്തിന് മുന്നോടിയായി അഭിഷേക് ശർമയെക്കുറിച്ച് ഇരു ടീമുകളുടെയും നായകന്മാർ നടത്തിയ പരാമർശങ്ങൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. കൂടാതെ, കളിക്കളത്തിലെ ഹസ്തദാനം സംബന്ധിച്ച ബിസിസിഐയുടെ നിലപാടും ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇരു ടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.



