ദുബൈ– ഏഷ്യാ കപ്പിൽ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഇന്ത്യ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവ് (47), അഭിഷേക് ശർമ (31), തിലക് വർമ (31) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശർമ മിന്നുന്ന തുടക്കം നൽകി. 13 പന്തിൽ 2 സിക്സും 4 ഫോറും സഹിതം 31 റൺസെടുത്ത അഭിഷേകിനെ സയിം അയ്യൂബ് പുറത്താക്കി. ശുഭ്മാൻ ഗിൽ (7 പന്തിൽ 10) പെട്ടെന്ന് മടങ്ങിയെങ്കിലും, തിലക് വർമയും സൂര്യകുമാറും ചേർന്ന് 56 റൺസിന്റെ കൂട്ടുകെട്ടോടെ ടീമിനെ മുന്നോട്ടുനയിച്ചു. 31 റൺസെടുത്ത തിലകിന്റെ വിക്കറ്റും അയ്യൂബിനായിരുന്നു. പിന്നീട് സൂര്യകുമാർ (37 പന്തിൽ 47) ഒരു സിക്സോടെ ടീമിനെ വിജയത്തിലെത്തിച്ചു. ശിവം ദുബെ (7 പന്തിൽ 10) പുറത്താകാതെ നിന്നു.
പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ 61/2 എന്ന നിലയിലായിരുന്നു. പാകിസ്ഥാന്റെ സയിം അയ്യൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇന്ത്യയുടെ മുന്നേറ്റം തടയാനായില്ല.
ഇന്ത്യയുടെ ബൗളിങ് നിരയിൽ കുൽദീപ് യാദവ് 3 വിക്കറ്റും ജസ്പ്രീത് ബുംറ, അക്ഷർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും നേടി.