റിയാദ്– സൗദി പ്രൊ ലീഗിൽ അൽ നസറിന് വീണ്ടും തിരിച്ചടി. അൽ ഖാദിസിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പരാജയപ്പെട്ടത്. ഇതോടെ അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും ഒരു പോയിന്റ് മാത്രമാണ് അൽ നസറിന് നേടാനായത്. ഖാദിസിയക്ക് വേണ്ടി ജൂലിയൻ ക്വിനോണസ്, നഹിതൻ നാന്റെസ് എന്നിവരാണ് ഗോൾ നേടിയത്. അൽ നസറിന് വേണ്ടി പെനാൽറ്റിയിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ലക്ഷ്യം കണ്ടത്.
ആദ്യ പകുതിയിൽ അൽ നസർ ഗോൾകീപ്പർ നവാഫ് അൽ അഖിദി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം പകുതിയിലെ പ്രതിരോധ പിഴവുകൾ ടീമിന് തിരിച്ചടിയായി. 51-ാം മിനിറ്റിലായിരുന്നു ഖാദിസിയയുടെ ആദ്യ ഗോൾ. ഒരു കൗണ്ടർ അറ്റാക്ക് തടയാനായി ബോക്സിന് പുറത്തേക്ക് ഓടിയെത്തിയ ഗോൾകീപ്പർ അൽ അഖിദി പന്ത് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവ് ക്വിനോണസ് ഗോളാക്കി മാറ്റി. 66-ാം മിനിറ്റിൽ നാന്റെസിലൂടെ അൽ ഖാദിസിയ ലീഡ് രണ്ടാക്കി ഉയർത്തി. അൽ നസർ പ്രതിരോധ താരം അയ്മൻ യഹ്യയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ക്വിനോണസ് നാന്റെസിന് പാസ്സ് നൽകുകയായിരുന്നു. മത്സരത്തിന്റെ 81-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന് പ്രതീക്ഷ നൽകിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ ഖാദിസിയയുടെ പ്രതിരോധ നിര അനുവദിച്ചില്ല.
മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ അൽ ഹസേമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. മിലിങ്കോവിച്ച്-സാവിച്ച് (29 മിനുറ്റ് ), റുബേൻ നെവസ് (56), ഡാർവിൻ നുനെസ് ( 90) എന്നിവരുടെ ഗോളുകളാണ് ഹസേമിനെ തകർത്തത്.
ഇതോടെ 13 മത്സരങ്ങളിൽ 35 പോയിന്റുള്ള ഹിലാൽ ഒന്നാമതും 31 പോയിന്റുമായി അൽ നസ്ർ രണ്ടാമതുമാണ്.
മറ്റു മത്സരം
അൽ നജ്മ – 3 ( രാജഹ് അൽതുലൈഹി – 72/ അലി ജാസിം – 73/ ലാസാരോ – 87 – പെനാൽറ്റി)
അൽ ഇത്തിഫാഖ് – 4 ( നാസർ അൽ ഹലീൽ – 27/ മൗസ ഡെംബെലെ – 39/ ഫ്രാൻസിസ്കോ കാൽവോ -42, 59)



