ലോസ് ആഞ്ചലസ്: ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്കായി വമ്പൻ ടീമുകൾ ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ടൂർണമെന്റിൽ ഇതുവരെ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത പ്രതിരോധക്കരുത്തുമായി മെക്സിക്കോയ്ക്കൊപ്പം ക്ലീൻ ഷീറ്റ് നിലനിർത്തിയ ഒരേയൊരു യൂറോപ്യൻ ശക്തിയായ സ്പെയിൻ ഓസ്ട്രിയയെ നേരിടും. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് ഈ കടുത്ത പോരാട്ടം.
നോക്കൗട്ട് പോരാട്ടത്തിന് ഇറങ്ങുമ്പോൾ പരിക്കാണ് സ്പാനിഷ് പടയ്ക്ക് വില്ലൻ. ഉറൂഗ്വെയ്ക്കെതിരെയുള്ള കടുത്ത ഗ്രൂപ്പ് മത്സരത്തിനിടയിൽ സൂപ്പർ വിങ്ങർ നികോ വില്യംസിന് കടുത്ത പരിക്കേറ്റത് തിരിച്ചടിയായി. മുന്നേറ്റ താരം യെരമി പിനോയ്ക്കും തോളെല്ലിന് പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരും. കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെയ്ക്ക് ഇത് വലിയ ആശങ്കയാണ് നൽകുന്നത്. ഇതോടെ അലക്സ് ബീന, ലാമിൻ യമാൽ, മൈക്കൽ ഒയാർസബാൽ എന്നിവരിലാണ് സ്പെയിനിന്റെ ഇന്നത്തെ പ്രതീക്ഷകൾ. മധ്യനിരയിൽ റോഡ്രി, പെഡ്രി എന്നിവർക്കൊപ്പം ഡാനി ഓൽമോയും ഫാബിയൻ റൂയിസും ഇടം പിടിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രതിരോധത്തിൽ മാർക്കോസ് ലൊറെന്റെയും പെഡ്രോ പോറോയും തമ്മിലാണ് മത്സരം. കേപ് വെർദെയോട് ഗോൾരഹിത സമനിലയിൽ തുടങ്ങിയ സ്പെയിൻ, സൗദി അറേബ്യയെ 4-0 നും ഉറൂഗ്വെയെ 1-0 നും തോൽപ്പിച്ചാണ് വരുന്നത്.
മറുഭാഗത്ത് അൾജീരിയയോട് 3-3 ന് സമനില വഴങ്ങി ഗ്രൂപ്പ് ജെ-യിൽ അർജന്റീനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയ വരുന്നത്. ജോർദാനെ 3-1 ന് തോൽപ്പിച്ച അവർ അർജന്റീനയോട് 2-0 ന് തോറ്റിരുന്നു. ഒടുവിൽ സാസ കാലാജിചിന്റെ 96-ാം മിനിറ്റിലെ ഗോളിലാണ് അവർ നോക്കൗട്ടിൽ എത്തിയത്. മുന്നേറ്റം ശക്തമാണെങ്കിലും 3 കളിയിൽ 6 ഗോൾ വഴങ്ങിയ പ്രതിരോധം അവർക്ക് ആശങ്കയാണ്. എന്നാൽ നായകൻ ഡേവിഡ് അലാബയും വെറ്ററൻ താരം മാർക്കോ അർനൗട്ടോവിച്ചും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തത് റാൽഫ് റാഗ്നിക്കിന്റെ ഓസ്ട്രിയൻ പടയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാവർ ഷ്ലാഗറും നിക്കോളാസ് സിവോൾഡും മധ്യനിര നിയന്ത്രിക്കുമ്പോൾ സ്പെയിനിന്റെ കരുത്തുറ്റ പ്രതിരോധ കോട്ട തകർക്കുകയാകും അവരുടെ ലക്ഷ്യം.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്വിസർലാൻഡ് ആഫ്രിക്കൻ കരുത്തരായ അൾജീരിയയെ നേരിടും. വാൻകൂവറിൽ വെച്ച് നടക്കുന്ന ഈ മത്സരം ഇന്ത്യൻ സമയം വെള്ളിയാഴ്ച രാവിലെ 8:30-നാണ് നടക്കുക. ഇതിൽ വിജയിക്കുന്നവർക്ക് പ്രീ-ക്വാർട്ടറിൽ കൊളംബിയയോ ഘാനയോ ആകും എതിരാളികൾ. രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് സ്വിസർലാൻഡ് വരുന്നത്. കരുത്തരായ ആതിഥേയരായ കാനഡയെപ്പോലും പരാജയപ്പെടുത്തിയിട്ടുള്ള അവർ, കോച്ച് മുരാത് യാക്കിന് കീഴിൽ കഴിഞ്ഞ 9 മത്സരങ്ങളായി തോൽവി അറിഞ്ഞിട്ടില്ല. ടൂർണമെന്റിൽ മൂന്ന് ഗോളുകൾ നേടിയ ജോഹാൻ മാൻസാംബിയുടെ ഫോമും മാനുവൽ അകാഞ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിരോധവുമാണ് സ്വിസ് പടയുടെ കരുത്ത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിനേക്കാൾ കൂടുതൽ ഗോൾ അവർ വഴങ്ങിയിട്ടില്ല. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ സാന്നിധ്യം സ്വിസ് മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു.
മറുഭാഗത്ത്, ശക്തരായ അർജന്റീന ഉൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്ന് ഓരോ ജയവും സമനിലയും തോൽവിയുമടക്കം 4 പോയിന്റോടെ മികച്ച മൂന്നാം സ്ഥാനക്കാരായാണ് അൾജീരിയ വരുന്നത്. ഈ ലോകകപ്പിന് മുൻപ് തുടർച്ചയായി നാല് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നിലനിർത്തിയ അവർക്ക് പക്ഷേ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്കെതിരെ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ കഴിഞ്ഞിരുന്നില്ല. നൈജീരിയയോടും അവർ ഗോൾ നേടാനാവാതെ തോറ്റിരുന്നു. റിയാദ് മഹ്‌റസിന്റെ അനുഭവസമ്പത്തിലാണ് അൾജീരിയയുടെ പ്രതീക്ഷകൾ. 1982-ന് ശേഷം ലോകകപ്പിൽ ഒരു യൂറോപ്യൻ ടീമിനെയും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന ചരിത്രം മാറ്റാനാണ് അൾജീരിയ ഇന്ന് ഇറങ്ങുന്നത്.



