പാരിസ്: ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ഒലിവര്‍ ജിറൗഡ് ദേശീയ ടീമില്‍ നിന്നും വിരമിച്ചു. 38 കാരനായ ജിറൗഡ് ഫ്രാന്‍സിന്റെ യൂറോ ടീമില്‍ അംഗമായിരുന്നു. യൂറോ കപ്പിന്റെ തുടക്കത്തില്‍ തന്നെ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിനായി 137 മല്‍സരങ്ങളില്‍നിന്ന് 57 ഗോള്‍ ആണ് താരം നേടിയത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡ് തിയറി ഹെന്ററിയുടെ പേരിലായിരുന്നു(51).
അന്റോണിയോ ഗ്രീസ്മാന്‍(42), മിഷേല്‍ പ്ലാറ്റിനി (41), കരീം ബെന്‍സിമ (37) എന്നിവരാണ് ഫ്രാന്‍സിന്റെ മറ്റ് ലീഡിങ് സ്‌കോറര്‍മാര്‍. 13 വര്‍ഷത്തോളം ഫ്രഞ്ച് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണെന്ന് താരം വ്യക്തമാക്കി. യൂറോ കപ്പില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായിരുന്നു.
2018 ലോകകപ്പില്‍ മികച്ച ഫോമിലായിരുന്ന ജിറൗഡ് പിന്നീട് കരീം ബെന്‍സിമ ടീമിലേക്ക് തിരിച്ചെത്തിയതോടെ പുറത്താവുകയായിരുന്നു. സെക്‌സ് ടേപ്പ് വിവാദത്തില്‍പ്പെട്ട ബെന്‍സിമയെ 2015ല്‍ ദേശീയ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീടാണ് താരം കുറ്റവിമുക്തനായി ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കിനെ തുടര്‍ന്ന് 2022 ലോകകപ്പ് ടീമില്‍ നിന്ന് ബെന്‍സിമ പുറത്തായിരുന്നു. തുടര്‍ന്ന് ജിറൗഡ് വീണ്ടും ദേശീയ ടീമിനൊപ്പം മികവ് തുടര്‍ന്നിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ യൂറോയില്‍ ഫ്രാന്‍സിനൊപ്പം ഇറങ്ങാന്‍ ജിറൗഡിനായിരുന്നില്ല. നിലവില്‍ ലോസ്ആഞ്ചലസ് എഫ്‌സിക്കായാണ് താരം കളിക്കുന്നത്. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമാണ് ജിറൗഡ്. ഹ്യൂഗോ ലോറിസും ലിലിയന്‍ തുറാമുമാണ് ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചത്.