ലണ്ടൻ: പുരസ്‌കാരങ്ങളിൽ ഹാട്രിക് നേട്ടവുമായി ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ തിളക്കത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-25 സീസണിന് അന്ത്യമായി. 38-ാം റൗണ്ട് മത്സരങ്ങളിൽ ആർസനൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി ടീമുകൾ ജയിച്ചപ്പോൾ ചാമ്പ്യന്മാരായ ലിവർപൂളിന് സ്വന്തം ഗ്രൗണ്ടിൽ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ യഥാക്രമം ഫിനിഷ് ചെയ്ത ലിവർപൂൾ, ആർസനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ ക്ലബ്ബുകളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ടോട്ടനം ഹോട്‌സ്പറും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കും. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോറ്റ ആസ്റ്റൻ വില്ലയ്ക്ക് യൂറോപ്പ ലീഗ് യോഗ്യത കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എഫ്.എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും യൂറോപ്പ കളിക്കും. ഇംഗ്ലീഷ് ലീഗ് കപ്പ് ജേതാക്കളായ നോട്ടിങ്ങാം ഫോറസ്റ്റ് യുവേഫ കോൺഫറൻസ് ലീഗ് കളിക്കും.
സലാഹിന്റെ സീസൺ
കൂടുതൽ ഗോൾ നേട്ടത്തിനുള്ള ഗോൾഡൻ ബൂട്ട്, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ, പ്ലേമേക്കർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മുഹമ്മദ് സലാഹ്, ഒരേ സീസണിൽ ഈ മൂന്ന് നേട്ടവും കൈവരിക്കുന്ന ആദ്യതാരമായി. ലിവർപൂളിനെ 20-ാം ലീഗ് കിരീടത്തിലേക്ക് നയിച്ച സലാഹ് ഈ സീസണിൽ 29 ഗോളുകളും 18 അസിസ്റ്റുകളുമാണ് നേടിയത്. 38 മത്സരങ്ങളിൽ 47 ഗോൾ ഇൻവോൾവ്‌മെന്റുകളുമായി സലാഹ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ-അസിസ്റ്റ് റെക്കോർഡിൽ അലൻ ഷിയററിന്റെയും ആൻഡ്രൂ കോളിന്റെയും ഒപ്പമെത്തി.
രണ്ടാം തവണയാണ് സലാഹ് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ പുരസ്‌കാരം നേടുന്നത്. 2017-18 സീസണിലായിരുന്നു ആദ്യത്തേത്. ആരാധകരുടെ വോട്ടുകളും ഫുട്‌ബോൾ വിദഗ്ധരടങ്ങുന്ന പാനലിന്റെ വോട്ടുകളും ചേർത്താണ് ഈ പുരസ്‌കാരം നിർണയിച്ചത്. വിർജിൽ വാൻ ഡൈക്ക്, റയാൻ ഗ്രാവൻബെർച്ച്, മോർഗൻ ഗിബ്‌സ്-വൈറ്റ്, അലക്സാണ്ട ഇസാക്ക്, ബ്രയാൻ എംബ്യൂമോ, ഡെക്ലാൻ റൈസ്, ക്രിസ് വുഡ് എന്നിവരെ പിന്തള്ളിയാണ് ഈജിപ്ത് താരം ഈ അവാർഡ് സ്വന്തമാക്കിയത്.
സീസണിൽ 29 ഗോളുകളുമായി നാലാം തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ സലാഹ് ഈ നേട്ടത്തിൽ ആർസനൽ ഇതിഹാസം തിയറി ഹെന്റിയുടെ റെക്കോർഡിനൊപ്പമെത്തി. ഈ സീസണിലെ ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ (എണഅ) ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരവും സലാഹിനായിരുന്നു. 918 അംഗങ്ങളിൽ 90 ശതമാനം വോട്ടുകൾ നേടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയ മാർജിനോടെയായിരുന്നു താരത്തിന്റെ വിജയം. തിയറി ഹെന്റിയുടെ മൂന്ന് എണഅ പുരസ്്കാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തിയ സലാഹ്, ലിവർപൂളിന്റെ ചരിത്രത്തിൽ ഈ പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരവുമായി.
നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിൽ 2024 ഡിസംബറിൽ ലിവർപൂളുമായുള്ള കരാർ പുതിക്കിയ സലാഹ് 2027 വരെ ക്ലബ്ബിനൊപ്പമുണ്ടാകും.