ബ്യൂണസ് ഐറിസ്. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്റര്‍മയാമി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍മയാമിയിലായിരിക്കും താന്‍ വിരമിക്കുകയെന്ന് മെസ്സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍മയാമിയിലെ താരത്തിന്റെ കരാര്‍ 2025ല്‍ അവസാനിക്കും. എന്നാല്‍ നിലവില്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മെസ്സി. പകരം തന്റെ ബാല്യകാല ക്ലബ്ബായ അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയിസ് ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരത്തിന്റെ മോഹം.മെസ്സി ഇത്തരത്തില്‍ വെളിപ്പെടുത്തിയതായി സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2016ല്‍ താരം ഇത്തരത്തില്‍ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീനയിലേക്ക് തിരിച്ചുപോവുകയാണെങ്കില്‍ ന്യുവെല്‍സില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ താന്‍ മോഹിക്കുന്നു. അവിടെത്തെ സ്‌നേഹം തനിക്ക് വേണമെന്നാണ് മെസ്സി പറഞ്ഞിരുന്നത്.
1995 മുതല്‍ 2000 വരെ മെസ്സി ന്യൂവെല്‍സിന്റെ താരമായിരുന്നു. 2000ലാണ് മെസ്സി ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് വിട്ട് അര്‍ജന്റീനയില്‍നിന്ന് സ്പെയ്നിലെ ബാഴ്സലോണയിലേക്ക് ചേക്കേറുന്നത്. ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെ ലാ മാസിയ അക്കാദമിയില്‍ ചേര്‍ന്ന മെസ്സി 21 വര്‍ഷക്കാലം നീണ്ട ബാഴ്സലോണ ബന്ധം അവസാനിപ്പിച്ചാണ് 2021-ല്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് ചേക്കേറിയത്.
ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ബാഴ്സയ്ക്കും മെസ്സിക്കും ഇടയില്‍ തടസ്സമായി നിന്നത്. ക്ലബ്ബുകള്‍ വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും പരിധിവിട്ട് തുക ചെലവഴിക്കാനാവില്ല. 2021-ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവില്ലെന്ന ഘട്ടത്തിലാണ് ബാര്‍സയ്ക്ക് മെസ്സിയെ കൈവിടേണ്ടിവന്നത്.