ഫ്‌ളോറിഡ: ഫുട്‌ബോള്‍ ലോകത്ത് ഗോട്ട് എന്നറിയപ്പെടുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരമെന്ന റെക്കോഡാണ് മെസ്സി ഇന്ന് സ്വന്തമാക്കിയത്. കരിയറിലെ രണ്ടാം കോപ്പാ അമേരിക്ക കിരീടം നേടിയതോടെയാണ് മെസ്സി പുതിയ റെക്കോഡിനുടമയായത്. ബ്രസീലിയന്‍ താരം ഡാനി ആല്‍വ്‌സിന്റെ റെക്കോഡാണ് മിശ്ശിഹ ഇന്ന് തകര്‍ത്തത്.
മുന്‍ ബാഴ്‌സ താരം കൂടിയായ ഡാനി 44 കിരീടങ്ങളാണ് നേടിയത്. ഇന്ന് കോപ്പാ കിരീടം നേടിയതോടെ മെസ്സിയുടെ കിരീടങ്ങളുടെ നേട്ടം 45 ആയി. ക്ലബ്ബ് ഫുട്‌ബോളിലെ എല്ലാ കിരീടങ്ങളും നേടിയ മെസ്സി ദേശീയ ടീമിനൊപ്പം തിളങ്ങുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി മെസ്സി രാജ്യത്തിനായി നേടിയ കിരീടങ്ങള്‍.
2021ല്‍ കോപ്പാ കിരീടം നേടിയ മെസ്സി 2022 ഖത്തര്‍ ലോകകപ്പും ലാ ഫൈനലിസിമയും നേടി. തന്റെ പേരിലുള്ള കിരീട വരള്‍ച്ച മാറ്റുകയായിരുന്നു. ദേശീയ ടീമിനായി ഒരു ഒളിംപിക് കിരീടവും അണ്ടര്‍ 20 ലോകകപ്പും താരം നേടിയിട്ടുണ്ട്. ക്ലബ്ബ് തലത്തിലേക്ക് വരുമ്പോള്‍ മെസ്സിയെ മെസ്സിയാക്കി മാറ്റിയ ബാഴ്‌സയോടൊപ്പം തന്നെയാണ് ഏറിയ കിരീടങ്ങളും നേടിയത്.
10 ലാ ലിഗ കിരീടവും ഏഴ് കോപ്പാ ഡെല്‍റേ കിരീടവും, ഏഴ് സ്പാനിഷ് കപ്പും നാല് ചാംപ്യന്‍സ് ലീഗും , മൂന്ന് യുവേഫാ സൂപ്പര്‍ കപ്പും, മൂന്ന് ഫിഫാ ലോകകപ്പും മൂന്ന് ഫ്രഞ്ച് ലീഗ് വണ്‍ കിരീടവും ഒരു ട്രോഫി ഡേ ചാംപ്യന്‍ഷിപ്പും നേടി. കൂടാതെ ഇന്റര്‍മിയാമിക്കൊപ്പം ഒരു ലീഗ് കപ്പും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.