മാഞ്ചസ്റ്റർ – സീസണിൽ മികച്ച ഫോം കണ്ടെത്താനാക്കാതെ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ( സൗദി 6:30 PM) ക്കാണ് മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
മാഞ്ചസ്റ്റർ ഡെർബി എന്ന വിളിപ്പേരുള്ള ഈ മത്സരം വർഷങ്ങളായി വളരെ വാശിയേറിയതാണ്. രണ്ട് ചിരവൈരികൾ തമ്മിൽ ഏറ്റുമുട്ടുന്ന ഈ മത്സരം ഇരു ടീമുകൾക്കും വളരെ നിർണായകമാണ്.
മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടും ഫോം കണ്ടെടുക്കാൻ ഇരു ടീമുകൾക്കും ഈ സീസണിൽ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ വോൾവ്സിനോട് വിജയിച്ചെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളിൽ ടോട്ടൻഹാം, ബ്രൈറ്റൺ എന്നിവരോട് പരാജയപ്പെട്ട സിറ്റി മൂന്നു പോയിന്റുമായി പട്ടികയിൽ പതിനാറാം സ്ഥാനത്താണ്. എന്നാൽ ചെകുത്താൻ എന്ന് വിളിപ്പേരുള്ള യുണൈറ്റഡ് മൂന്നു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റ് മാത്രം നേടി പതിനൊന്നാമതുമാണ്. മാത്രമല്ല ഇ.എഫ്.എൽ കപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ നാലാം ഡിവിഷൻ ക്ലബ്ബായ ഗ്രിംസ്ബി ടൗണിനോട് തോറ്റു പുറത്തായിരുന്നു. എങ്കിലും കഴിഞ്ഞ മത്സരത്തിൽ ബേൺലിയോട് വിജയിക്കാൻ സാധിച്ചത് പ്രതീക്ഷകൾ നൽകുന്നുണ്ട്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ ബേൺലിയെ നേരിടും. ബേൺലിയുടെ തട്ടകത്തിൽ നടക്കുന്ന മത്സരം അരങ്ങേറുന്നത് ഇന്ത്യൻ സമയം വൈകിട്ട് ആറരക്കാണ് ( സൗദി 4:00 PM).