കയ്റോ – തന്റെ ടീമിന്റെ വിജയം പൊതുജനമധ്യത്തില്‍ വസ്ത്രമൂരി ആഘോഷിച്ച ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ആരാധകന്‍ ഓണ്‍ലൈനിലും സ്വന്തം കുടുംബത്തിലും വിവാദങ്ങള്‍ സൃഷ്ടിച്ചു. കുടുംബത്തിന് നാണക്കേടുണ്ടാക്കിയ ഈജിപ്തുകാരനില്‍ നിന്ന് മോചനം തേടി ഭാര്യ അപേക്ഷ നല്‍കി. ഈജിപ്ഷ്യന്‍ നൈല്‍ ഡെല്‍റ്റയിലെ പ്രവിശ്യാ ക്ലബ്ബായ മാലിയത് കഫര്‍ അല്‍സയ്യാത്ത് രണ്ടാം ഡിവിഷന്‍ മത്സരത്തില്‍ എതിരാളികളായ താലയെ 5-0 ന് പരാജയപ്പെടുത്തിയതിനെ തുടര്‍ന്നുള്ള ആഘോഷത്തിനിടെയാണ് സംഭവം അരങ്ങേറിയത്. വിജയം മാലിയത് കഫര്‍ അല്‍സയ്യാത്ത് ക്ലബ്ബിനെ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിലേക്ക് യോഗ്യത നേടുന്നതിലേക്ക് അടുപ്പിച്ചെങ്കിലും ആരാധകന് കുടുംബം നഷ്ടമാകുന്ന അവസ്ഥയാണ്.
അനിയന്ത്രിതമായ ആഹ്ലാദത്തിന്റെ നിമിഷത്തില്‍ 40 കാരനായ ആരാധകന്‍ ആദ്യം മേല്‍വസ്ത്രമായ തോബും പിന്നീട് ബനിയനും ഉരിഞ്ഞ് ട്രൗസര്‍ മാത്രം ധരിച്ച് സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളില്‍ ഡ്രം താളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു. സഹ ആരാധകര്‍ ഇയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ ഇയാളുടെ ട്രൗസര്‍ അഴിക്കാനും ശ്രമം നടത്തി. സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സന്തോഷം പ്രകടിപ്പിച്ചത് യുവാവിന്റെ കുടുംബത്തിന്, പ്രത്യേകിച്ച് വിവാഹമോചനത്തിന് അപേക്ഷിച്ച ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം അനുചിതവും പൊതുമര്യാദയുടെ ലംഘനവുമാണെന്ന് വ്യാപകമായി അപലപിക്കപ്പെട്ടു. തന്റെ പ്രവൃത്തികള്‍ തെറ്റായ വഴിയിലൂടെയായിരുന്നുവെന്ന് ആരാധകന്‍ പിന്നീട് സമ്മതിച്ചു. പക്ഷേ ക്ലബ്ബിനോടുള്ള തന്റെ ആഴത്തിലുള്ള ഇഷ്ടത്തിൽ നിന്ന് ഉണ്ടായ ഒരു നിമിഷത്തെ പ്രതികരണമാണിതെന്ന് അദ്ദേഹം വാദിച്ചു. അടുത്തിടെ നടന്ന ശസ്ത്രക്രിയക്കിടെ ടീം തന്നെ സാമ്പത്തികമായി പിന്തുണച്ചതായും ഇത് വിജയം കൂടുതല്‍ വ്യക്തിപരമാക്കിയതായും യുവാവ് പറഞ്ഞു. പാരമ്പര്യങ്ങളെ അനാദരിക്കാനോ ആരെയും വ്രണപ്പെടുത്താനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം തന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചു.
അതേസമയം, ഈജിപ്തിലെ യുവജന-കായിക മന്ത്രി അശ്റഫ് സുബ്ഹി സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടു. നൃത്തത്തില്‍ ആരാധകനു മാത്രമാണോ അതല്ല, ക്ലബ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്ന് മന്ത്രാലയം നിര്‍ണയിക്കും. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.