ബാർസലോണ – ലാ ലിഗയിൽ റയൽ മാഡ്രിഡിന് എന്ന പോലെ ബാർസലോണയും കുതിപ്പ് തുടരുകയാണ്. ആറാം റൗണ്ട് മത്സരത്തിൽ റയൽ ഒവിഡോക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചു പോയിന്റ് പട്ടികയിൽ റയലിന് വെല്ലുവിളിയായി രണ്ടാമത് തുടരുകയാണ് കാറ്റിലോണിയൻ ക്ലബ്ബ്.
എറിക് ഗാർഷ്യ, റോബർട്ട് ലെവൻഡോവ്സ്കി, റൊണാൾഡ് അറുഹോ എന്നിവരാണ് നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടി ഗോളുകൾ നേടിയത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആൽബെർട്ടോ റെയ്‌ന 33-ാം മിനുറ്റിൽ നേടിയ ഗോളിൽ 56-ാം മിനുറ്റ് വരെ മുന്നിലായിരുന്നു ഒവിഡോ.
56-ാം മിനുറ്റിൽ ഒരു കോർണറിലൂടെ ഗാർഷ്യ ബാർസയെ ഒപ്പമെത്തിച്ചു.
പിന്നീട് വിജയ ഗോളിനായി ആക്രമണം കനപ്പിച്ച സന്ദർശകർ 66-ാം മിനുറ്റിൽ ലെവൻഡോവ്സ്കിയെ കളത്തിൽ ഇറക്കി. നാലു മിനുറ്റുകൾക്ക് ശേഷം ഡിജോങ് നൽകിയ ക്രോസ്സിൽ ഉഗ്രൻ ഹെഡറിലൂടെ ലെവൻഡോവ്സ്കി പന്ത് വലയിൽ എത്തിച്ചതോടെ ബാർസ മുന്നിലെത്തി.
90 മിനുറ്റ് അവസാനിക്കാൻ രണ്ടു മിനുറ്റ് മാത്രം ബാക്കി നിൽക്കെ ലഭിച്ച കോർണർ എടുത്ത റാഷ്ഫോഡിന് പിഴച്ചില്ല. അറുഹോ കൃത്യമായി തല വെച്ച് ലക്ഷ്യം കണ്ടതോടെ കാറ്റിലോണിയൻ ക്ലബ് വിജയം ഉറപ്പിച്ചു.