മാഡ്രിഡ് – ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്രാങ്കോ മാസ്റ്റന്റുവാനോ റയൽ മാഡ്രിഡ് ജേഴ്‌സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ടീമിന് വമ്പൻ ജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് റയൽ ലെവന്റെയെ തകർത്തത്. ഇതോടെ കളിച്ച മത്സരങ്ങളും ജയിച്ച റയൽ 18 പോയിന്റുമായി തലപ്പത്ത് തുടരുകയാണ്.
ലെവന്റെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാരുടെ ജയം. കിലിയൻ എംബപ്പെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയർ, മാസ്റ്റന്റുവാനോ, എന്നിവർ ഓരോ ഗോളുകളും സ്വന്തമാക്കിയപ്പോൾ ആതിഥേർക്കുവേണ്ടി ഇയോങ്ങുമാണ് ഗോൾ നേടിയത്.
28-ാം മിനുറ്റിൽ വിനീഷ്യസും, 38-ാം മിനുറ്റിൽ മാസ്റ്റന്റുവാനോയും ഗോൾ നേടി സന്ദർശകരെ ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. 54-ാം മിനുറ്റിൽ ഇയോങിലൂടെ തിരിച്ചടിച്ച് എതിരാളികൾ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും 64-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു തൂവെള്ളക്കാരുടെ ലീഡ് ഉയർത്തി. രണ്ട് മിനിറ്റുകൾക്ക് ശേഷം താരം വീണ്ടും ഗോൾ നേടിയതോടെ മത്സരം റയലിന്റെ കൈയിലായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ വിയ്യ റയൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തി. സെവിയ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒലുവാസേയ് 18-ാം മിനുറ്റിലും, മനോർ സോളമൻ 86-ാം മിനുറ്റിലും വിയ്യറയലിന് വേണ്ടി ഗോളുകൾ നേടി. ആതിഥേരുടെ ഗോൾ നേടിയത് 51-ാം മിനുറ്റിൽ ഇബ്രാഹിമ സോയാണ്.