മാഡ്രിഡ്– സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന 16-ാം റൗണ്ട് ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെൽറ്റ വിഗോയാണ് മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. പകരക്കാരനായി ഇറങ്ങിയ സ്വീഡിഷ് യുവതാരം വില്ലിയറ്റ് തിയോ സ്വീഡ്ബെർഗിന്റെ ഇരട്ട ഗോളുകളാണ് സെൽറ്റ വിഗോ ചരിത്രവിജയം നേടിയത്. സെൽറ്റ വിഗോക്ക് സാന്റിയാഗോ ബെർണബ്യൂവിൽ 19 വർഷങ്ങൾക്ക് ശേഷമുള്ള വിജയമാണ്. എട്ടു വർഷങ്ങൾക്ക് ശേഷമാണ് മാഡ്രിഡിനെതിരെ ഒരു മത്സരത്തിൽ വിജയം കരസ്ഥമാക്കുന്നത്.
മാഡ്രിഡ് താരങ്ങളായ അൽവാരോ കരേറസ്, ഫ്രാൻ ഗാർഷ്യ ചുവപ്പ് കാർഡ് കണ്ടു മടങ്ങിയതും ആതിഥേർക്ക് തിരിച്ചടിയായി.
ആദ്യപകുതിയിൽ മുൻ ചാമ്പ്യന്മാർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലയിലെത്തിക്കാൻ സാധിച്ചില്ല. തുടർന്ന് രണ്ടാം പകുതി ആരംഭിക്കുമ്പോൾ പരിക്ക് പറ്റിയ പബ്ലോ ദുരാന്റെ പകരക്കാരനായി സ്വീഡ്ബെർഗ് ഇറങ്ങി. 54 മിനുറ്റിൽ ബ്രയാൻ സറഗോസയുടെ പാസ്സിൽ നിന്നും സ്വീഡ്ബെർഗ് ആദ്യ ഗോൾ നേടി സന്ദർശകരെ മുന്നിലെത്തിച്ചു. 63 മിനുറ്റിൽ തുടരെ രണ്ടു മഞ്ഞ കാർഡുകൾ കണ്ട് ഫ്രാൻ ഗാർഷ്യ മടങ്ങിയതോടെ മാഡ്രിഡ് 10 പേരായി ചുരുങ്ങി. ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനുറ്റിൽ കരേറസും റെഡ് കാർഡ് ലഭിച്ച് പുറത്തായി. തൊട്ടടുത്ത നിമിഷം ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിനെയും കബളിപ്പിച്ച് സ്വീഡ്ബെർഗ് പന്ത് വീണ്ടും വലയിൽ എത്തിച്ചതോടെ സന്ദർശകർ വിജയം ഉറപ്പിച്ചു.
ലാ ലിഗയിലും റയൽ മാഡ്രിഡിനെതിരെ 19 വർഷങ്ങൾക്ക് ശേഷമാണ് സെൽറ്റ വിഗോ വിജയം നേടുന്നത്. ഇതോടെ 16 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള റയൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള ബാർസലോണക്ക് 40 പോയിന്റും മൂന്നാമത് ഒരു മത്സരം കുറവ് കളിച്ച് 35 പോയിന്റുള്ള വിയ്യ റയലുമാണ്.
മറ്റു മത്സരങ്ങൾ
എൽഷെ – 3 ( ജെർമൻ വലേര – 40/ റാഫ മിർ – 51,57)
ജിറോണ – 0
വലൻസിയ – 1 ( ഹ്യൂഗോ ഡ്യൂറോ – 90+3)
സെവിയ്യ – 1 ( സീസർ ടാരെഗ – 58 – സെൽഫ് )
എസ്പ്യനോൾ – 1 ( റോബർട്ടോ ഫെർണാണ്ടസ് – 39 – പെനാൽറ്റി )
റയോ വയ്യെക്കാനോ – 0



