ഒസാസുന– ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ ലാലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹാൻസി ഫ്ലിക്കിന്റെ കീഴിലിറങ്ങിയ ബാഴ്സലോണ ഒസാസുനയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പിറന്ന ഗോളുകളാണ് ബാഴ്സലോണയ്ക്ക് മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്. ഇതോടെ ലീഗ് കിരീടം ഉറപ്പിക്കാൻ ബാഴ്‌സലോണയ്ക്ക് ഇനി വെറും ഒരു വിജയം കൂടി മതിയാകും.
മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയത്തും പ്രതിരോധം കൊണ്ട് ബാഴ്‌സയെ തളച്ചിടാൻ ഒസാസുനയ്ക്ക് സാധിച്ചു. എന്നാൽ എൺപത്തിയൊന്നാം മിനിറ്റിൽ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി പന്ത് വലയിൽ എത്തിച്ചതോടെ നിലവിലെ ചാമ്പ്യന്മാർ മുന്നിലെത്തി. റാഷ്ഫോഡ് നൽകിയ ക്രോസ്സിൽ തല വച്ചാണ് താരം ടീമിനെ മുന്നിലെത്തിച്ചത്. വെറും അഞ്ചു മിനിറ്റുകൾക്ക് ശേഷം പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ടീമിന്റെ രണ്ടാം ഗോളും വലയിലെത്തിച്ചതോടെ ബാഴ്‌സലോണ വിജയം ഉറപ്പിച്ചു.
എൺപത്തിയെട്ടാം മിനിറ്റിൽ ഗാർസിയയിലൂടെ ഒസാസുന ഒരു ഗോൾ മടക്കി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ബാഴ്‌സയുടെ പ്രതിരോധം ഉറച്ചുനിന്നു.
വിജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് 88 പോയിന്റുമായി കാറ്റിലോണിയൻ ക്ലബ്ബ് ബഹുദൂരം മുന്നിലാണ്. ഒരു മത്സരം കുറവ് കളിച്ച രണ്ടാം സ്ഥാനത്തുള്ള റയലിന് 74 പോയിന്റ് മാത്രമാണ് ഉള്ളത്. ഇന്നു നടക്കുന്ന പോരാട്ടത്തിൽ റയൽ എസ്പിനോളിനെ നേരിടും. അടുത്ത ആഴ്ച ബാഴ്സ-റയൽ മാഡ്രിഡ് എൽ ക്ലാസിക്കോ പോരാട്ടം അരങ്ങേറും.
മറ്റു മത്സരങ്ങൾ
വിയ്യ റയൽ – 5
ലെവന്റെ – 1
വലൻസിയ – 0
അത്‌ലറ്റികോ മാഡ്രിഡ് – 2
ഡിപാർട്ടിവോ അലാവസ് – 2
അത്‌ലറ്റിക് ബിൽബാവോ – 4



