ബെര്‍ലിന്‍: ആതിഥേയരായി മാത്രമല്ല, യൂറോയില്‍ കിരീട പോരാട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടെന്ന് തെളിയിച്ച് ജര്‍മ്മന്‍ പട. ഇന്ന് ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ ഹംഗറിക്കെതിരെ മികച്ച ജയവുമായാണ് ജര്‍മ്മനി കുതിപ്പ് തുടരുന്നു. യൂറോയിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയാണ് ആതിഥേയരുടെ മുന്നേറ്റം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ ജയം. ഇരുപത്തി രണ്ടാം മിനിറ്റില്‍ ജമാല്‍ മുസെയ്‌ലയും 67ാം മിനിറ്റില്‍ ഇക്കേ ഗുണ്‍ഡോങുമാണ് ജര്‍മ്മനിയ്ക്കായി സ്‌കോര്‍ ചെയ്തത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജര്‍മ്മന്‍ പട മുന്നില്‍ നിന്നെങ്കിലും അവര്‍ക്ക് നിരവധി ഭീഷണികള്‍ സൃഷ്ടിക്കാന്‍ ഹംഗറിയ്ക്കായി. ബോള്‍ പാസ്സിങില്‍ മുന്നില്‍ നിന്ന ഹംഗറി നിരവധി ഗോള്‍ അവസരങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫിനിഷിങിലെ പോരായ്മ തിരിച്ചടിയായി.
മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ജര്‍മ്മനിയുടെ റൂഡിഗര്‍ മികച്ച ഒരു അവസരം സൃഷ്ടിച്ചിരുന്നു. ആഴ്‌സണലിന്റെ കായ് ഹാവര്‍ട്‌സിനായിരുന്നു റൂഡിഗര്‍ പന്ത് നല്‍കിയത്. എന്നാല്‍ ഹാവര്‍ട്‌സിന് പന്ത് നിയന്ത്രിക്കാനായില്ല. 11ാം മിനിറ്റില്‍ ഹാവര്‍ട്‌സ് വീണ്ടും ഒരു ശ്രമം നടത്തിയെങ്കിലും ഹംഗറി ഗോള്‍ കീപ്പര്‍ ആ ശ്രമം തടയുകായിരുന്നു. ജര്‍മ്മനിയുടെ മുന്നേറ്റ നിരയില്‍ തിളങ്ങിയത് മുസെയ്‌ല തന്നെയാണ്. 21കാരനായ ബയേണ്‍ താരം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
23 -ാം മിനിറ്റിലാണ് മുസെയ്‌ല ജര്‍മ്മനിയ്ക്കായി ലീഡ് എടുത്തത്. ക്യാപ്റ്റന്‍ ഗുണ്‍ഡോങ് നല്‍കിയ പാസ്സാണ് അനായാസം ഹംഗേറിയന്‍ ഗോള്‍ പോസ്റ്റിലേക്ക് നീങ്ങി ഗോളായത്. ഒരു ഗോള്‍ വീണതിന് ശേഷം ഹംഗറി താരങ്ങള്‍ കളിയുടെ വേഗത കൂട്ടുകയും ആക്രമണം പുറത്തെടുക്കുകയും ചെയ്തു. 26ാം മിനിറ്റില്‍ ഹംഗറിയുടെ സസോബോസലായുടെ അതിഗംഭീരമായ ഫ്രീകിക്ക് ജര്‍മ്മന്‍ പോസ്റ്റിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ ന്യൂയറുടെ മാന്ത്രിക കൈകള്‍ അതിനെ സേവാക്കി.
44ാം മിനിറ്റില്‍ പരിചയ സമ്പന്നനായ ടോണി ക്രൂസ് വൃറ്റസിന് നല്‍കിയ പാസ് മുസെയ്‌ലക്ക് എത്തിയിരുന്നു.എന്നാല്‍ നേരിയ വ്യത്യാസത്തില്‍ പന്ത് നെറ്റില്‍ തട്ടി പുറത്തേക്ക് പോയി.ആദ്യ പകുതിക്ക് ശേഷവും ജര്‍മ്മനി പന്തിന് മേലുള്ള ആധിപത്യം തുടര്‍ന്നു. 58ാം മിനിറ്റില്‍ വൃറ്റസിനെയും ഹാവര്‍ട്‌സിനെയും തിരിച്ചുവിളിച്ച് പകരം പുള്‍ക്രൂഗിനെയും സാനെയെയും ജര്‍മ്മനി ഇറക്കി.
67ാം മിനിറ്റില്‍ ജര്‍മ്മന്‍ പട ഗോള്‍ നേട്ടം രണ്ടാക്കിയത്. ക്യാപ്റ്റന്‍ ഗുണ്‍ഡോങ് ആണ് ഇക്കുറി വലകുലിക്കിയത്. മുസെയ്‌ലയുടെ പാസ്സ് മിറ്റെല്‍സ്റ്റാഡറ്റിന്. തുടര്‍ന്ന് ഗുണ്‍ഡോങിന് ലഭിച്ച് പാസ് ഒരു സിമ്പിള്‍ ഫിനിഷിലൂടെ ഗോള്‍ പോസ്റ്റിലേക്ക്. സ്‌കോര്‍ 2-0.പിന്നീട് താളം കിട്ടാതെ ഹംഗറി നീങ്ങുകയായിരുന്നു. ജര്‍മ്മനി ആവട്ടെ വീണ്ടും ലീഡെടുക്കാനുള്ള ശ്രമവും. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആധികാരികമായി ജര്‍മ്മനി വിജയം വരിച്ചു. ജയത്തോടെ ഗ്രൂപ്പ് എയില്‍ ജര്‍മ്മനി രണ്ട് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഹംഗറി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.