റിയാദ്: നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുന്ന താരമാണ് പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യനോ എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയും ആകാശത്തോളം മുട്ടിനില്‍ക്കുന്നു. ഇപ്പോഴിതാ യൂട്യൂബിലും താരം ഒരു കൈ നോക്കാനായിറിങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അല്‍ നസര്‍ താരം യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങിയിരിക്കുന്നത്. യു ആർ ക്രിസ്റ്റിയാനോ എന്നാണ് ചാനലിന്റെ പേര്. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഒന്നാം സ്ഥാനം തന്റെ പേരില്‍ അലങ്കരിക്കുന്ന റൊണാള്‍ഡോ ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്സ്‌ക്രൈബേഴ്സുമായി സിആര്‍ 7 റെക്കോഡിട്ടു. കൂടാതെ 24 മണിക്കൂറിനുള്ളില്‍ ഒരു കോടി സബ്സ്‌ക്രൈഴ്സിനെ സ്വന്തമാക്കുന്ന യുട്യൂബര്‍ എന്ന റെക്കോഡും പോര്‍ച്ചുഗല്‍ താരം സ്വന്തമാക്കി.
മിനിറ്റില്‍ ആയിരകണക്കിന് സബ്സ്‌ക്രൈബേഴ്സിനാണ് ആണ് ചാനലിന് ലഭിക്കുന്നത്. നിലവില്‍ 31.3 കോടി സബ്സ്‌ക്രൈബേഴ്സുള്ള മിസ്റ്റര്‍ബീസ്റ്റാണ് യുട്യൂബില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഈ റെക്കോഡ് റൊണാള്‍ഡോ ഉടന്‍ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്റെ യുട്യൂബ് ചാനലിതാ സബ്സ്‌ക്രൈബ് ചെയ്യൂ എന്റെ ഈ പുതിയ യാത്രയില്‍ നിങ്ങളും കൂടെ ചേരൂ എന്ന അഭ്യര്‍ത്ഥനയുമായാണ് റോണോ ചാനല്‍ പ്രഖ്യാപിച്ചത്. ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവെച്ച റൊണാള്‍ഡോ മണിക്കൂറുകള്‍ക്കകം തന്റെ ചാനലിന് യുട്യൂബ് നല്‍കിയ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ മക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ സില്‍വറും ഡയമണ്ടും ബട്ടണകള്‍ റോണോ സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് എന്നിവ സംബന്ധമായ ഉള്ളടക്കങ്ങളും ചാനലില്‍ ഉണ്ടാവും. സാമൂഹിക മാധ്യമങ്ങളില്‍ എല്ലാം ക്രിസ്റ്റിയാനോ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇന്‍സ്റ്റ്ഗ്രാമില്‍ 63. 6 കോടി പേര്‍ റൊണാള്‍ഡോയെ പിന്തുടരുന്നുണ്ട്. എക്സില്‍ 11.25 കോടിപേരും താരത്തെ പിന്തുടരുന്നുണ്ട്. ഫെയ്സ്ബുക്കില്‍ 17 കോടി പേരാണ് ക്രിസ്റ്റ്യാനോയെ പിന്തുടരുന്നത്.