ലിവർപൂൾ / മാഡ്രിഡ് – ഫുട്ബോൾ പ്രേമികളുടെ രണ്ടര മാസത്തെ കാത്തിരിപ്പിനൊടുവിൽ 2025-26 സീസണുകളിലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ ഇന്ന് ആരംഭിക്കും. ഇംഗ്ലണ്ടിലെ പ്രധാന ലീഗ് ആയ ഇംഗ്ലീഷ് പ്രീമിയർ ലീഗിനും സ്പെയിനിലെ ലാ ലീഗക്കുമാണ് ഇന്നു തുടക്കം കുറിക്കുന്നത്. 20 ടീമുകളാണ് ഇരു ലീഗിലും പങ്കെടുക്കുന്നത്. എല്ലാ ടീമുകളും തമ്മിൽ രണ്ടു മത്സരങ്ങളാണ് ഉണ്ടാവുക (ഹോം ആൻഡ് എവേ). ടോട്ടൽ ഓരോ ടീമിനും 38 മത്സരങ്ങളാണ് ഉണ്ടാവുക. കൂടുതൽ പോയിന്റ് നേടുന്ന ടീമായിരിക്കും കിരീടം സ്വന്തമാക്കുക. പോയിന്റ് പട്ടികയിലെ സ്ഥാനം അനുസരിച്ച് യുവേഫ ടൂർണമെന്റുകളായ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിലേക്ക് യോഗ്യത നേടും. അവസാനം മൂന്ന് സ്ഥാനക്കാർ സെക്കന്റ് ഡിവിഷനിലേക്ക് തരംതാഴുകയും ചെയ്യും.
ഇന്ത്യൻ സമയം രാത്രി 10:30ന് ( സൗദി സമയം രാത്രി എട്ടു മണി ) ജിറോണയും റയോ വല്ലെക്കാനോയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ 2025-26 സീസണിലെ ലാലിഗക്കും തുടക്കം കുറിക്കും.മത്സരം നടുക്കുന്നത് ജിറോണയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡി മോണ്ടിലിവിയിൽ വെച്ചാണ്. രാത്രി ഒരു മണിക്ക് ( ഇന്ത്യൻ സമയം ) വില്ല റയലും റിയൽ ഒവീഡോ തമ്മിലുള്ള മത്സരവും ഇന്നു നടക്കും. 24 വർഷങ്ങൾക്കുശേഷമാണ് റിയൽ ഒവീഡോ ലാ ലിഗ കളിക്കാൻ എത്തുന്നത്. സെർബിയക്കാരനായ വെൽജ്കോ പൗനോവിച്ച് കീഴിൽ ഇറങ്ങുന്ന ഇവരുടെ ലക്ഷ്യം വിജയത്തോടെ തുടക്കം കുറിക്കുക എന്നത് തന്നെയാകും. റിയൽ ഒവീഡോക്ക് പുറമെ ഇത്തവണ ലാ ലീഗിന് യോഗ്യത ലഭിച്ചത് എൽഷെ, ലെവൻ്റെ എന്നിവർക്കാണ്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ ആദ്യ മത്സരം മല്ലോർക്കക്ക് എതിരെ ശനിയാഴ്ച രാത്രി 11 മണിക്കാണ്. കരുത്തരായ റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം ചൊവ്വാഴ്ച രാത്രി ഒസാസുനക്ക് എതിരെയുമാണ്.
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ബോൺമൗത്തും ഏറ്റുമുട്ടുന്നതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനും തുടക്കം കുറിക്കും. ഇന്ത്യൻ സമയം രാത്രി 12:30 (സൗദി സമയം രാത്രി 10 മണി) നാണ് മത്സരം തുടങ്ങുക. ലിവർപൂളിന്റെ സ്വന്തം ഗ്രൗണ്ട് ആയ ആൻഫീൽഡിലാണ് ഇത്തവണത്തെ പ്രീമിയർ ലീഗിന് തുടക്കം കുറിക്കുക. അടിമുടി മാറ്റങ്ങളായി ഇറങ്ങുന്ന ലിവർപൂളിന്റെ ലക്ഷ്യം കിരീടം നിലനിർത്തുക എന്നത് തന്നെയാകും. ഇംഗ്ലണ്ടിലെ മറ്റു വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി,ആഴ്സണൽ, ടോട്ടൻഹാം, ന്യൂ കാസ്റ്റിൽ യുണൈറ്റഡ് എന്നിവരെല്ലാം മികച്ച താരങ്ങളെ ഈ സീസണിൽ അണിനിരയിൽ എത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തവണത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ കടുക്കും എന്നതിൽ ഒരു സംശയവുമില്ല. ബേൺലി, ലീഡ്‌സ് യുണൈറ്റഡ്, സണ്ടർലാൻഡ് എന്ന ക്ലബ്ബുകൾക്കാണ് ഇത്തവണ പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ ലഭിച്ചിരിക്കുന്നത്.
ഫ്രാൻസിലെ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിനും തുടക്കം കുറിക്കുക ഇന്നു തന്നെയാകും. രാത്രി 12:15ന് റെന്നെസും ഒളിംപിക് ഡി മാർസെയും തമ്മിൽ ഏറ്റുമുട്ടുന്നതോടെയാണ് ലീഗ് വണ്ണിന്റെ പന്തുരുളാൻ തുടങ്ങുക. 18 ടീമുകൾ മത്സരിക്കുന്ന ഈ ലീഗിൽ ഓരോ ടീമിനും 34 മത്സരങ്ങളാണ് ഉള്ളത്.
എന്തായാലും അടുത്ത 10 മാസം ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കും.
ഇന്നത്തെ മത്സരങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്
ലിവർപൂൾ – ബോൺമൗത്ത്
( ഇന്ത്യ- 12:30 AM) (സൗദി – 10:00 PM)
ലാ ലിഗ
ജിറോണ – റയോ വല്ലെക്കാനോ
( ഇന്ത്യ – 10:30 PM) ( സൗദി – 8:00 PM)
വില്ല റയൽ – റിയൽ ഒവീഡോ ( ഇന്ത്യ – 1:00 AM) ( സൗദി – 10:30 PM)
ലീഗ് വൺ
റെന്നെസ് – ഒളിംപിക് ഡി മാർസെ ( ഇന്ത്യ – 12:15 AM) ( സൗദി – 9:45 PM)