ദോഹ– രണ്ടു മത്സരങ്ങളും വിജയിച്ച് ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ച സൗദി അറേബ്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിനായി ഇന്നിറങ്ങും. ശക്തരായ മൊറോക്കോക്കെതിരെയാണ് സൗദിയുടെ ഗ്രൂപ്പിലെ അവസാന മത്സരം. ഇന്ത്യൻ സമയം രാത്രി പത്തരക്ക് ( ഖത്തർ / സൗദി – 8:00 PM) ലൂസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. 2022 ലോകകപ്പിൽ ഇതേ ഗ്രൗണ്ടിൽ വച്ചാണ് സൗദി ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്.
മൊറോക്കോക്ക് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കണമെങ്കിൽ സൗദിക്കെതിരെ ഇന്ന് തോൽക്കാതിരിക്കണം. ഇന്ന് നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാൻ കൊമോറസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്തരക്ക് സ്റ്റേഡിയം 974ലാണ് മത്സരം അരങ്ങേറുക.
ഒമാനിന് അവസാന എട്ടിലേക്ക് കടക്കണമെങ്കിൽ ഇവർക്കെതിരെ മികച്ച ഒരു വിജയം നേടുകയും മൊറോക്കോ സൗദിക്കെതിരെ പരാജയപ്പെടുകയും വേണം. ഒമാൻ രണ്ടു ഗോളിന്റെ വ്യത്യാസത്തിലാണ് ജയിക്കുന്നതെങ്കിൽ സൗദി ഇതേ വ്യത്യാസത്തിൽ എങ്കിലും മൊറോക്കോയെ പരാജയപ്പെടുത്തിയാൽ മാത്രമേ ഒമാൻ മുന്നോട്ട് പോകാൻ സാധിക്കുക.



