ദോഹ– പതിനൊന്നാം ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ഇന്ന് നടക്കുക. ആദ്യം മത്സരത്തിൽ മൊറോക്കോ സിറിയയെയും രണ്ടാം മത്സരത്തിൽ സൗദി അറേബ്യ ഫലസ്തീനെയും നേരിടും.
ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11 മണിക്ക് ( ഖത്തർ/ സൗദി – 8:30 PM) ആണ് സൗദി – ഫലസ്തീൻ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരം അരങ്ങേറുന്നത്. ഖത്തർ, ടുണീഷ്യ, സിറിയ ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ നിന്നും തോൽവി അറിയാതെ അഞ്ച് പോയിന്റുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് ഫലസ്തീന്റെ വരവ്. സൗദി ബി ഗ്രൂപ്പിൽ രണ്ട് ജയവുമായി ആറു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിരുന്നു. അവസാന മത്സരത്തിൽ മൊറോക്കോയോട് സൗദി പരാജയപ്പെട്ടെങ്കിലും ഒമാൻ, കൊമോറസ് ടീമുകളെ തോൽപ്പിച്ചു നേരെത്തെ തന്നെ അവസാന എട്ടിലേക്ക് ഇടം പിടിച്ചിരുന്നു. ഒരു ഗോളും നാല് അസിസ്റ്റുകളമായി സൗദി നേടിയ അഞ്ച് ഗോളുകളിലും പങ്കാളിത്തം കൈവരിച്ച സലീം മുഹമ്മദ് അൽ-ദൗസാരിയാണ് ടീമിലെ പ്രധാനി.
ഫലസ്തീൻ ആണെങ്കിൽ ആദ്യ മത്സരത്തിൽ ഖത്തറിനെ തോൽപ്പിക്കുകയും രണ്ടാം മത്സരത്തിൽ ടുണീഷ്യയുമായി രണ്ടു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് സമനില പിടിച്ചത്. അവസാന മത്സരത്തിൽ സിറിയക്കെതിരെ ഗോൾ രഹിത സമനിലയായിരുന്നു.
മൊറോക്കോ – സിറിയ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം അരങ്ങേറുന്നത് ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ( സൗദി/ ഖത്തർ 5:30 PM) ആണ്. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ബി യിൽ നിന്ന് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനക്കാരായിട്ടാണ് മൊറോക്കോ മുന്നേറിയത്. എ ഗ്രൂപ്പിൽ അഞ്ചു പോയിന്റുമായി രണ്ടാമതായിരുന്നു സിറിയ.



