ദോഹ– ഫിഫ അറബ് കപ്പ് ആരംഭിക്കുന്നതിന് മുമ്പ് വരെ ആരാധകർ കരുതിയിരുന്നത് ഗ്രൂപ്പ് എ യിൽ നിന്ന് ടുണീഷ്യയും ഖത്തറും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഫലസ്തീനും സിറിയയും പുറത്താകും എന്നായിരുന്നു. എന്നാൽ അവരെല്ലാം ഞെട്ടിച്ചുകൊണ്ട് അവസാന എട്ടിലേക്ക് ഇടം നേടിയത് ഫലസ്തീനും സിറിയയും.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനില ആയതാണ് തുണച്ചത്. സമനില ആയാൽ തന്നെ അവസാനം എട്ടിലേക്ക് മുന്നേറും എന്ന് ഉറപ്പായതിനാൽ തന്നെ പ്രതിരോധത്തിൽ ഊന്നിയാണ് ഇരു ടീമുകളും കളിച്ചത്. അഞ്ച് പോയിന്റ് വീതമുള്ള ഫലസ്തീൻ ഒന്നാമതും സിറിയ രണ്ടാമതും ആണ്. ഗോളുകളുടെ എണ്ണത്തിലാണ് ഫലസ്തീന് ഒന്നാമതെത്തിയത്.
ഗ്രൂപ്പിലെ എ യിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ ടുണീഷ്യ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ടുണീഷ്യ 10 പേരായി ചുരുങ്ങിയിട്ടും ഖത്തറിൽ കാര്യമായി ചെയ്യാനൊന്നും സാധിച്ചില്ല. ടുണീഷ്യക്ക് വേണ്ടി മുഹമ്മദ് ബിൻ റോംദാനെ (16–ാം മിനുറ്റ് ), യാസിൻ മെറിയ (62), മുഹമ്മദ് ബിൻ അലി (90+4) എന്നിവരാണ് ഗോളുകൾ നേടിയത്.
സ്വന്തം മണ്ണിൽ നടന്ന ഫിഫ അറബ് കപ്പിൽ നിന്ന് നാണംകെട്ട് പുറത്തായിരിക്കുകയാണ് ഖത്തർ. ഒരു പോയിന്റ് മാത്രമുള്ള ഖത്തർ ഗ്രൂപ്പ് എ യിൽ അവസാന സ്ഥാനത്താണ്. സ്പാനിഷ് പരിശീലകനായ ജൂലൻ ലോപെറ്റെഗിയുടെ കീഴിൽ സീനിയർ താരങ്ങൾ ഇറങ്ങിയിട്ടും വളരെ മോശപ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവച്ചത്. ഈ മോശപ്രകടനം തുടർന്നാൽ ലോകകപ്പിന് മുമ്പ് തന്നെ ലോപെറ്റെഗിയെ പുറത്താക്കാൻ സാധ്യത ഏറെയാണ്.



