ബെര്‍ലിന്‍: യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി സ്വിറ്റസര്‍ലന്റിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. കഴിഞ്ഞ 31 വര്‍ഷത്തിനിടയ്ക്ക് സ്വിറ്റ്‌സര്‍ലന്റിന് ഇറ്റലി പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ഒരു മല്‍സരത്തില്‍ മാത്രമാണ് സ്വിസ് തോല്‍വി രുചിച്ചത്. യൂറോയുടെ ഗ്രൂപ്പ് ഘട്ടം ഇറ്റലിക്ക് പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു.അല്‍ബേനിയയോട് കഷ്ടിച്ച് 2-1ന്റെ ജയം നേടിയെങ്കിലും സ്‌പെയിനിനോട് പരാജയപ്പെട്ടു. ക്രൊയേഷ്യയുടെ 1-1ന്റെ സമനില വഴങ്ങുകയും ചെയ്തു.
ഹംഗറിക്കെതിരേ 3-1ന്റെ ജയം നേടിയ സ്വിറ്റ്‌സര്‍ലന്റ് ആതിഥേയരായ ജര്‍മ്മനിയെ സമനിലയില്‍ പൂട്ടിയാണ് വരുന്നത്. മറ്റൊരു ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ സ്‌കോട്ടലന്റിനെയും സമനിലയില്‍ പിടിച്ചിരുന്നു. ജര്‍മ്മനിയെ പൂട്ടിയ ആത്മവിശ്വസത്തിലാണ് സ്വിസ് ഇന്ന് ഇറ്റലിക്കെതിരേ ഇറങ്ങുന്നത്. 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഒടുവില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായ സ്വിസ് ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ഇറ്റലി യോഗ്യത ഇല്ലാതെ പുറത്തായിരുന്നു.
അടുത്ത കാലത്തെ ഇരുടീമിന്റെയും പ്രകടനം വിലയിരുത്തുമ്പോള്‍ ഇരുടീമിനും ജയം സാധ്യതയുണ്ട്. ഒരു അട്ടിമറിക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ യൂറോ ജേതാക്കളാണെങ്കിലും കഴിഞ്ഞ രണ്ട് ലോകകപ്പിന് യോഗ്യത നേടാനാവത്തതും ടീമിന് സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതും ഇറ്റാലിയന്‍ ടീമിന് തിരിച്ചടിയാവും.
യാന്‍ സോമര്‍, റിക്കാര്‍ഡോ റൊഡ്രിഗസ്, റിമോ ഫ്രൂലര്‍, നോഹ ഒക്കാഫോര്‍, മൈക്കല്‍, ഡാന്‍ എന്‍ഡോയേ, ഡെന്നിസ് സക്കറിയ, സില്‍വന്‍ വിഡ്മര്‍, സെഹര്‍ദാന്‍ ഷാക്കിരി എന്നീ സ്വീസ് താരങ്ങളെല്ലാം ഇറ്റാലിയന്‍ സീരി എയില്‍ കളിക്കുന്നവരാണ്. ഇറ്റാലിയന്‍ താരങ്ങളുടെ സ്വതസിദ്ധമായ കളികള്‍ മനപാഠമാണ് സ്വിസ് താരങ്ങള്‍ക്ക്. ഈ മല്‍സരത്തിലെ വിജയികള്‍ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്-സ്ലൊവാക്കിയ മല്‍സരത്തിലെ വിജയികളെ നേരിടും.
ഡിഫന്‍ഡര്‍ റിക്കാര്‍ഡോ കാല്‍ഫിയോറി, ലെഫ്റ്റ് ബാക്ക് ഫെഡ്‌റിക്കോ ഡിമാര്‍ക്കോ എന്നിവര്‍ ഇന്ന് നീലപ്പടയ്ക്കായി ഇറങ്ങില്ല. റിക്കാര്‍ഡോ സസ്‌പെന്‍ഷന്‍ കാരണം പുറത്താണ്. ഫെഡറിക്കോ പരിക്കിനെ തുടര്‍ന്നും പുറത്താണ്. റിക്കോര്‍ഡോയ്്ക്ക് പകരം ജിയാന്‍ലൂക്കാ മാന്‍സിനി ഇറങ്ങും. കഴിഞ്ഞ മൂന്ന് എഡിഷനുകള്‍ക്ക് ശേഷം ആദ്യമായാണ് സ്വിസ് പട യൂറോപ്യന്‍ മാമാങ്കത്തിന് എത്തുന്നത്.