ബർലിൻ- കഴിഞ്ഞ ദിവസം രാത്രി വെൽട്ടിൻസ് അരീനയിൽ പോർച്ചുഗലിനെതിരായ മത്സരത്തിനിടെ ജോർജിയൻ ആരാധകർ മൈതാനവരയുടെ അടുത്തായി ഒരു ബാനർ പിടിച്ചിരുന്നു. അസാധ്യമായി ഒന്നുമില്ല എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. ആ സമയത്ത് ഒരു ഗോളിന് മുന്നിൽ നിൽക്കുകയായിരുന്നു ജോർജിയ. മുൻ സോവിയറ്റ് റിപ്പബ്ലിക് രാജ്യമായ ജോർജിയ ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റിലെ കന്നിയങ്കത്തിൽ തന്നെ ചരിത്രവിജയം നേടി രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചപ്പോൾ ആ ബാനർ സത്യമാകുകയും ചെയ്തു. ഒന്നും അസാധ്യമല്ലെന്ന മൊഴിയെ സത്യമാക്കി യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് ജോർജിയ ഓടിക്കയറി.
ജൂണ്‍ 14ന് ജര്‍മ്മനിയില്‍ തുടക്കമായ യൂറോ മാമാങ്കത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിന് ഫൈനൽ വിസിൽ മുഴങ്ങിയത് ജോർജിയയുടെ അട്ടിമറിയിലൂടെയായിരുന്നു 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളിലായി അണിനിരന്ന മല്‍സരങ്ങള്‍ക്ക് കഴിഞ്ഞ രാത്രിയാണ് അവസാനമായി.
ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് 16 ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. എല്ലാ ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.
ഗ്രൂപ്പ് ചാംപ്യന്‍മാരായി ജര്‍മ്മനി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ഓസ്ട്രിയ, റുമാനിയ, പോര്‍ച്ചുഗല്‍ എന്നിവര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ സ്വിറ്റ്‌സര്‍ലന്റ്, ഇറ്റലി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, തുര്‍ക്കി എന്നിവര്‍ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് മുന്നേറി. മികച്ച മൂന്നാം സ്ഥാനക്കാരായി സ്ലൊവേനിയ, നെതര്‍ലന്റ്‌സ്, സ്ലൊവാക്കിയ, ജോര്‍ജിയ എന്നിവരും പ്രീക്വാര്‍ട്ടറിലേക്ക് കയറി.
ജൂണ്‍ 29നാണ് പ്രീക്വാര്‍ട്ടറിന് തുടക്കമാവുന്നത്. ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി സ്വിറ്റ്‌സര്‍ലന്റിനെ നേരിടും. ഇതേ ദിവസം അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ജര്‍മനി ഡെന്‍മാര്‍ക്കിനെതിരേ ഇറങ്ങും. തപ്പിതടഞ്ഞ് നോക്കൗട്ടിലെത്തിയ ഇംഗ്ലണ്ടിന് സ്ലൊവാക്കിയയാണ് എതിരാളികള്‍. 30നാണ് മല്‍സരം.
ജൂലായ് ഒന്നിന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയ ജോര്‍ജിയ സ്‌പെയിനിനെ നേരിടും. മികച്ച ഫോമിലുള്ള സ്‌പെയിനിന് മുന്നില്‍ ജോര്‍ജിയ വീഴുമോ അതോ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്ന് കണ്ടറിയാം. ഇതേ ദിവസം അര്‍ദ്ധരാത്രിയാണ് ലോകകപ്പ് റണ്ണേഴ്‌സ്അപ്പായ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടുന്നത്. ഫ്രാൻസും ബെൽജിയവും ഈ യൂറോയിൽ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. സ്ലൊവാക്കിയോട് പരാജയപ്പെട്ട ബെല്‍ജിയം റുമാനിയക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം നേടിയിരുന്നു. അവസാന മല്‍സരത്തില്‍ ഉക്രെയ്‌നോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ഫ്രഞ്ച് നിരയാവട്ടെ ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പാടുപെടുന്ന അവസ്ഥയും. പ്രീക്വാര്‍ട്ടറിലെ ഹൈലൈറ്റ് പോരാട്ടവും ഇതുതന്നെയാവും.
ജോര്‍ജിയക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് പോര്‍ച്ചുഗല്‍ ജൂലായ് രണ്ടിനാണ് പ്രീക്വാര്‍ട്ടറിനായി ഇറങ്ങുന്നത്. സ്ലൊവേനിയയാണ് എതിരാളികള്‍. മൂന്ന് സമനിലകളുമായാണ് സ്ലൊവേനിയ ഇറങ്ങുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ ഗോള്‍ രഹിത സമനിലയില്‍ പൂട്ടിയ ടീം ഡെന്‍മാര്‍ക്കിനെയും സെര്‍ബിയയെും ഓരോ ഗോളിനും കുരുക്കിയിരുന്നു. പോര്‍ച്ചുഗലിന് സ്ലൊവേനിയ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പ്.
ജൂലായ് രണ്ടിന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്റസ് നേരിടുന്നത് റൊമാനിയയെയാണ്. ഉക്രെയ്‌നെ എതിരില്ലാത്ത മൂന്ന് ഗോളിനും മുന്‍നിര ടീമായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ച റൊമാനിയ സ്ലൊവാക്കിയയെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയുമാണ് വരുന്നത്. ഓസ്ട്രിയയോടും പോളണ്ടിനോട് പരാജയപ്പെട്ട ഓറഞ്ച്പട ഫ്രാന്‍സിനോട് സമനിലപിടിച്ചിരുന്നു. ഓറഞ്ച് ടീമിന് റൊമാനിയ വെല്ലുവിളിയാവാന്‍ സാധ്യതയുണ്ട്.
ജൂലായ് മൂന്നിനാണ് ഓസ്ട്രിയ-തുര്‍ക്കി പ്രീ ക്വാര്‍ട്ടര്‍.ഗ്രൂപ്പ് ഡിയില്‍ നിന്നും ചാംപ്യന്‍മാരായി വന്ന ഓസ്ട്രിയ പോളണ്ട്, നെതര്‍ലന്‍സ് എന്നിവരെ പരാജയപ്പെടുത്തിയിരുന്നു. ഫ്രാന്‍സിനോട് മാത്രമാണ് ഓസ്ട്രിയ പരാജയപ്പെട്ടത്. ചെക്ക് റിപ്പബ്ലിക്കിനെയും ജോര്‍ജിയയെയും കീഴടക്കിയാണ് തുര്‍ക്കി വരുന്നത്.