ബെര്‍ലിന്‍: യൂറോ കപ്പില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടത്തിന് അരങ്ങൊരുങ്ങും. ലോകകപ്പ് റണ്ണേഴ്സ് അപ്പുകളായ ഫ്രാന്‍സും മുന്‍ നിര ടീമായ ബെല്‍ജിയവുമാണ് ഇന്ന് പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്.ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. (സൗദി സമയം ഏഴിന്). ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്യാനാകത്തത് ഫ്രാന്‍സ് നിരയെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇത്തവണത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ് രണ്ട് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ഒന്ന് ഓസ്ട്രിയന്‍ താരത്തിന്റെ സെല്‍ഫ് ഗോളും രണ്ടാമത്തേത് എംബാപ്പെയുടെ പെനാല്‍റ്റി.
പരിക്കിന്റെ പിടിയിലുള്ള എംബാപ്പെയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ബെല്‍ജിയത്തിനും കാര്യമായ ഫോം കണ്ടെത്താനായിട്ടില്ല. ഇരുടീമും 2018 ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ഫ്രാന്‍സ് ജയിച്ചിരുന്നു. ബെല്‍ജിയത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങളുടെ ചിറകരിച്ച ഫ്രാന്‍സിനെതിരേ പക വീട്ടാന്‍ ഇതിലും നല്ല അവസരം ബെല്‍ജിയത്തിന് ലഭിക്കില്ല. ഫ്രാന്‍സ് നിരയില്‍ അന്റോണിയാ ഗ്രീസ്മാന്‍ ഇന്ന് ടീമില്‍ തിരിച്ചെത്തും. ഡോഡി ലൂക്ക്ബാക്കിയോ ബെല്‍ജിയം സ്‌കോഡില്‍ തിരിച്ചെത്തും.ഇരുവരും ലോകഫുട്‌ബോളില്‍ മൂര്‍ച്ചയേറിയ എതിരാളികളായാണ് വിലയിരുത്തപ്പെടാറ്. ഈ യൂറോയിലെ ഏറ്റവും മികച്ച മല്‍സരമായാണ് ആരാധകര്‍ ഇതിനെ കാണുന്നത്.
ബെല്‍ജിയത്തിനെതിരായ അവസാനം നടന്ന നാല് മല്‍സരങ്ങളിലും ഫ്രാന്‍സ് വെന്നിക്കൊടി പറത്തിയിരുന്നു. 1984ലാണ് അവസാനമായി ഇരുവരും യൂറോയില്‍ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ ജയം. മൈക്കല്‍ പ്ലാറ്റിനിയുടെ ഹാട്രിക്കായിരുന്നു അന്നത്തെ മല്‍സരത്തിന്റെ ഹൈലൈറ്റ്. ഇരുവരും 75 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ ജയം ബെല്‍ജിയത്തിനൊപ്പമാണ്. 30 മല്‍സരങ്ങള്‍ ബെല്‍ജിയം ജയിച്ചപ്പോള്‍ 26 മല്‍സരങ്ങളാണ് ഫ്രാന്‍സ് ജയിച്ചത്. 2010 ലോകകപ്പിന് ശേഷമുള്ള ഏറ്റവും മോശം ഫോമിലൂടെയാണ് ഫ്രഞ്ച് നിര കടന്നുപോവുന്നത്.
ബെല്‍ജിയത്തിന്റെ പ്രധാന പ്രതീക്ഷ ക്യാപ്റ്റന്‍ കെവിന്‍ ഡി ബ്രൂണി തന്നെയാണ്. മാഞ്ചസ്റ്റര്‍ സിറ്റി താരം ഫോം തുടര്‍ന്നാല്‍ ഫ്രാന്‍സിന് നാട്ടിലേക്ക് തിരിക്കാം.എന്നാല്‍ റൊമേലു ലൂക്കാക്കു അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ മല്‍സരിക്കുന്ന കാഴ്ചയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ കാണാന്‍ കഴിയുന്നത്. ബെല്‍ജിയത്തിന് തിരിച്ചടിയാണ്.