ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടനേട്ടത്തിന് ശേഷം ഫ്രഞ്ച് താരങ്ങളെ അപമാനിക്കുന്ന രീതിയില്‍ വിജയാഘോഷം നടത്തിയതില്‍ മാപ്പ് പറഞ്ഞ് അര്‍ജന്റീനന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിജയാഘോഷ വീഡിയോയ്‌ക്കൊപ്പമുള്ള ഗാനം ഫ്രഞ്ച് ടീമിലെ താരങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിജയാഘോഷത്തിന്റെ വീഡിയോയ്ക്കും ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന ഗാനം ഫ്രാന്‍സ് ടീമിലെ താരങ്ങളെ അപമാനിക്കുന്നതാണെന്നും അതിനാല്‍ യാതൊരു കാരണവും പറയാതെ മാപ്പ് പറയുന്നുവെന്നും എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എല്ലാത്തരം വര്‍ണ വിവേചനങ്ങള്‍ക്കും താന്‍ എതിരാണ്. അര്‍ജന്റീനന്‍ ടീമിന്റെ വിജയാഘോഷം ഫ്രാന്‍സ് ടീമുകളിലെ താരങ്ങളെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകള്‍ തുടങ്ങിയവയൊന്നും താന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. അതിനാല്‍ സത്യസന്ധമായി താന്‍ ക്ഷമാപണം നടത്തുന്നുവെനനും അര്‍ജന്റീനന്‍ മധ്യനിര താരം പ്രതികരിച്ചു.
അതിനിടെ ചെല്‍സി താരങ്ങളായ മാലോ ഗസ്റ്റോ, ആക്സല്‍ ഡിസാസി, വെസ്ലി ഫൊഫാന എന്നിവര്‍ തങ്ങളുടെ സഹതാരം കൂടിയായ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തു.ഫെര്‍ണാണ്ടസിന്റെ നിലപാടിനെ ഞങ്ങള്‍ പിന്താങ്ങുന്നില്ല എന്നറിയിച്ചാണ് താരങ്ങള്‍ എന്‍സോയെ അണ്‍ഫോളോ ചെയ്തത്.
”അവര്‍ ഫ്രാന്‍സിനായി കളിക്കുന്നു, പക്ഷേ അവരുടെ മാതാപിതാക്കള്‍ അംഗോളയില്‍ നിന്നാണ്. അവരുടെ മാതാവ് കാമറൂണില്‍ നിന്നാണ്, പിതാവ് നൈജീരിയയില്‍ നിന്നാണ്. എന്നാല്‍ അവരുടെ പാസ്‌പോര്‍ട്ട് ഫ്രഞ്ച് എന്നാണ്.” എന്ന ഗാനമാണ് ഫ്രഞ്ച് താരങ്ങളെ ഉദ്ദേശിച്ചു അര്‍ജന്റീന താരങ്ങള്‍ പാടിയത്.
2022 ഡിസംബറില്‍ ഖത്തറില്‍ അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം 2023 ജനുവരിയില്‍ 121 ദശലക്ഷം യൂറോയ്ക്ക് ബെന്‍ഫിക്കയില്‍ നിന്നാണ് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയില്‍ ചേര്‍ന്നത്.
അതിനിടെയില്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍. വംശീയാധിക്ഷേപം ഗുരുതരമായി കാണണമെന്നാണ് ഫ്രഞ്ച് ഫുട്‌ബോളിന്റെ നിലപാട്. ഫ്രാന്‍സ് താരങ്ങള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. എല്ലാവര്‍ക്കും ഒരുപോലെയാണ് അവകാശങ്ങളെന്നും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.