ജിദ്ദ– ഫുട്ബോൾ ആരാധരെ ആവേശത്തിലാക്കാൻ സൗദി മണ്ണിൽ വീണ്ടും എൽ – ക്ലാസിക്കോ അരങ്ങേറുന്നു. സ്പാനിഷ് സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ ഞായറാഴ്ച രാത്രിയാണ് വമ്പന്മാരായ സ്പാനിഷ് വമ്പന്മാരായ ബാർസലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കലാശ പോരാട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചത്. അത്ലറ്റിക് ബിൽബാവോയെ അഞ്ച് ഗോളിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബാർസ നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു.
ഫ്രെഡറിക്കോ വാൽവർഡെ, റോഡ്രിഗോ എന്നിവർ മാഡ്രിഡ് ഡെർബിയിൽ റയലിന് വേണ്ടി ലക്ഷ്യം കണ്ടപ്പോൾ അലക്സാണ്ടർ സോർലോത്താണ് അത്‌ലറ്റിക്കോക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
കിലിയൻ എംബാപ്പെയുടെ അഭാവത്തിൽ ഇറങ്ങിയ റയലിന് വേണ്ടി രണ്ടാം മിനുറ്റിൽ തന്നെ 40 യാർഡ് അകലെ നിന്നുള്ള ഒരു ഡയറക്റ്റ് ഫ്രീകിക്കിലൂടെ വാൽവർഡെ റയലിനെ മുന്നിലെത്തിച്ചു. ഒപ്പമെത്തനായി എതിരാളികൾ പല തവണ ആക്രമിച്ചു കളിച്ചെങ്കിലും ഫലം കണ്ടില്ല.
55 -ാം മിനുറ്റിൽ വാൽവർഡെ നീട്ടി നൽകിയ പന്ത് പ്രതിരോധ താരങ്ങളെ ഒഴിഞ്ഞു മാറി വലയിൽ എത്തിച്ച് റോഡ്രിഗോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. മൂന്നു മിനുറ്റുകൾക്ക് ശേഷം ഗിയൂലിയാനോ സിമിയോൺ നൽകിയ ക്രോസ്സിന് തല വെച്ച് ലക്ഷ്യം കണ്ട സോർലോത്ത് അത്‌ലറ്റിക്കോക്ക് തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും കാര്യമുണ്ടായില്ല.
വെറും എട്ടു ഷോട്ടുകൾ എടുത്ത റയലിന് എതിരെ 22 ഷോട്ടുകൾ എടുത്ത് അത്‌ലറ്റിക്കോ മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും റയൽ ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിന്റെയും പ്രതിരോധ താരങ്ങളുടെയും പ്രകടനം വിലങ്ങുത്തടിയായി.
മത്സരത്തിൽ ജയിച്ചെങ്കിലും സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഫോമില്ലായ്മ ടീമിന് തിരിച്ചടിയാവുന്നുണ്ട്. ബ്രസീൽ ടീമിൽ അടക്കം കഴിഞ്ഞ 19 മത്സരങ്ങളിൽ താരത്തിന് ഗോൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിരോധ താരങ്ങളായ റൗൾ അസെൻസിയോ, അന്റോണിയോ റുഡിഗർ എന്നിവർ പരിക്ക് പറ്റിയതിനെത്തുടർന്ന് മത്സരത്തിൽ പിൻവലഞ്ഞതും ബാർസക്ക് എതിരെയുള്ള മത്സരത്തിൽ തലവേദന സൃഷ്ടിക്കും. കൂടെ എംബപ്പെയുടെ അഭാവവും ബാർസയുടെ മികച്ച ഫോമുമെല്ലാം കണക്കിലെടുക്കുമ്പോൾ ഫൈനലിൽ റയൽ നന്നായി വിയർക്കും.വിയർക്കും.
കഴിഞ്ഞ വർഷം സൂപ്പർ കപ്പിന്റെ ഫൈനലിൽ ഇവർ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ബാർസ റയലിനെ തകർത്തിരുന്നു.



