ദമാം- സൗദി കിഴക്കൻ പ്രവിശ്യയിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കാക്കു സേഫ്റ്റി ഡിഫ സൂപ്പർ കപ്പിൽ യൂനിഗാർബ് ദല്ല എഫ്.സി, പസിഫിക് ലോജിസ്റ്റിക് ബദർ എഫ്.സി, ഡിമ ടിഷ്യൂ ഖാലിദിയ്യ എഫ്.സി ടീമുകൾക്ക് വിജയം. റാക്കയിലെ അൽ-യമാമ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ശക്തരായ സഡാഫ്കോ മാഡ്രിഡ് എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ദല്ല എഫ്.സിയുടെ വിജയം.
ദല്ലക്കായി കളം നിറഞ്ഞ് കളിച്ച പത്താം നമ്പർ താരം സുഹൈൽ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഡിഡ എഫ്.സി ക്കെതിരെ അഞ്ച് ഗോളുകൾക്ക് മറി കടന്നായിരുന്നു പസിഫിക് ബദർ എഫ്.സി കോർട്ടറിലേക്ക് കടന്നത്. ബദറിനായി ഹസ്സൻ രണ്ട് ഗോളുകളും, നിയാസ്, മുബാഷിർ, റഫീഖ് ഇത്താപ്പു എന്നിവർ ഓരോ ഗോളുകളും നേടി. ബദറിനായി മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഹസ്സൻ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ നടന്ന തുല്യശക്തികൾ തമ്മിലുള്ള അവസാന മത്സരത്തിൽ പൊരുതി കളിച്ച എ. ആർ. എഞ്ചിനീയറിങ്ങ് റോയൽ കമ്മീഷൻ എഫ്.സിയുടെ കനത്ത വെല്ലുവിളിയെ ടൈബ്രേക്കറിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് അതിജയിച്ചാണ് ഖാലിദിയ്യയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ വീതം ഗോളുകൾ നേടി സമനില പാലിച്ചതിനെ തുടർന്നായിരുന്നു ടൈബ്രേക്കർ. ഖാലിദിയ്യക്കായി ജസീമും, ആർ.സി. എഫ്.സിക്കായി ബിബിനും ഓരോ വീതം ഗോളുകൾ നേടി. ടൈബ്രേക്കറിൽ രണ്ട് നിർണ്ണായക സേവുകൾ നടത്തിയ ഖാലിദിയ്യയുടെ മുബീൻ എടവണ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
കുവൈറ്റ് തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ടവർക്കും, ഇന്ത്യൻ ഫുട്ബോളിലെ പ്രഗൽഭ കളിക്കാരനും, കോച്ചുമായിരുന്ന ടി.കെ ചാത്തുണ്ണിക്കും, സിഡ്നിയിലെ കടൽദുരന്തത്തിൽ മരണപ്പെട്ട ദമ്മാം ഇന്‍റര്‍ നാഷണൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി മർവ്വ ഹാഷിമിനും അനുശോചനമറിയിച്ചാണ് മത്സരങ്ങൾ തുടങ്ങിയത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ കായിക ലോകത്തെ പ്രഗൽഭർ സംബന്ധിച്ച പരിപാടിയിൽ ആയിരകണക്കിന് ഫുട്ബോൾ പ്രേമികൾ പങ്കാളികളായി. ഡ്രീം ഡസ്റ്റിനേഷൻ മാനേജിങ്ങ് പാർട്ണർ ലിയാഖത്തലി കാരങ്ങാടൻ, ഡിഫ മീഡിയ കൺവീനർ സഹീർ മജ്ദാൽ, ടൂർണ്ണമെന്‍റ് കമ്മിറ്റിയംഗം നവാസ് തൃപ്പനച്ചി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണ്ണമെന്‍റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ജനറൽ കൺവീനർ റഫീഖ് കൂട്ടീലങ്ങാടി, രക്ഷാധികാരികളായ വിൽഫ്രഡ് ആൻഡ്രൂസ്, സക്കീർ വള്ളക്കടവ്, ഡിഫ ആക്ടിംഗ് പ്രസിഡണ്ട് ഷഫീർ മണലൊടി, ആക്ടിംഗ് ജന: സെക്രട്ടറി ആസിഫ് കൊണ്ടോട്ടി, തുടങ്ങിയവർ സംബന്ധിച്ചു. ഡിഫ ഭാരവാഹികളായ ആഷി നെല്ലിക്കുന്ന്, ഫസൽ ജിഫ്രി , ടൈറ്റസ് ഇംകോ, റാസിഖ് വള്ളിക്കുന്ന്, അൻഷദ് തൃശൂർ തുടങ്ങിയവർ നേതൃത്വം നൽകി.വ്യാഴാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ സ്പോര്‍ട്ടിംഗ് ഖാലിദിയ യൂത്ത് ക്ലബുമായും യുനൈറ്റഡ് എഫ് സി കോര്‍ണിഷ് സോക്കറുമായും ജുബൈല്‍ എഫ് സി യംഗ്സ്റ്റാറുമായി മാറ്റുരക്കും.