ദമാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഫുട്ബോൾ പോരാട്ടങ്ങളുടെ ആവേശോജ്ജ്വല മുഹൂർത്തങ്ങൾ തീർത്ത് കൊണ്ട് ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സൗദിയിലെ സേഫ്റ്റി വിപണന രംഗത്തെ പ്രഗൽഭരായ കാക്കുസേഫ്റ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിഫ സൂപ്പർകപ്പ് 2024-ൻ്റെ കലാശ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സിയും, ഡിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയും ഏറ്റുമുട്ടും. റാക്ക അൽ യമാമ യൂണിഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ യൂണി ഗാർബ് ദല്ല എഫ്.സിയുടെയും, നബാറ്റാറ്റ് ജുബൈൽ എഫ്.സിയുടെയും വെല്ലുവിളികളെ അതിജയിച്ചാണ് ഇരു ടീമുകളും ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ യോഗ്യത നേടിയത്. ജൂലൈ 26 ന് വെള്ളിയാഴ്ച്ച വൈകിട്ട് ഏഴരക്ക് നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഒന്നര മാസത്തോളം നീണ്ടുനിന്ന മേളക്ക് സമാപനമാകും.
ആവേശകരമായ ആദ്യ സെമിയിൽ മികച്ച താരങ്ങള അണിനിരത്തി കലാശപോരാട്ട സ്വപ്നവുമായെത്തിയ ദല്ല എഫ്.സിക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബദറിൻ്റെ വിജയം. മത്സരത്തിൻ്റെ ആദ്യ നിമിഷങ്ങളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും മധ്യനിരയിൽ തകർത്ത് കളിച്ച ഫവാസ് കിഴിശ്ശേരിയിലൂടെ ആദ്യ ഗോൾ നേടിയത് ബദർ ആയിരുന്നു. ശുഹൈബിൻ്റെ ഗോളിലൂടെ ദല്ല എഫ്.സി തിരിച്ചടിച്ചെങ്കിലും ഡിഫൻസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന അനസ് പരിക്കേറ്റ് മടങ്ങിയത് ദല്ല എഫ്.സിയുടെ താളം തെറ്റിച്ചു. തുടർന്ന് നിയാസും, ഫവാസും, ബസാമും ഓരോ ഗോൾ കൂടി നേടിയതോടെ മത്സരത്തിലേക്ക് തിരിച്ച് വരാനാവാത്ത വിധം ദല്ല എഫ്.സി തകർന്നു. അവസാനം പകരക്കാരനായി ഇറങ്ങിയ മുബഷിർ കൂടി ഗോൾ നേടിയതോടെ ദല്ലയുടെ പരാജയം പൂർണ്ണമായി. മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബദറിൻ്റെ ബസാം ആണ് മത്സരത്തിൽ പ്ലയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം സെമിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു നബാറ്റാറ്റ് ജുബൈൽ എഫ്.സിക്കെതിരെ ദിമ ടിഷ്യു ഖാലിദിയ്യ എഫ്.സിയുടെ വിജയം. ആദ്യ മിനിറ്റിൽ തന്നെ മൈതാനത്തിൻ്റെ വലത് ഭാഗത്തിലൂടെ കുതിച്ച മുന്നേറ്റനിര താരം പ്രിൻസിൻ്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഖാലിദിയ്യ ഗോൾകീപ്പർ മുബീന് ഒരവസരവും നൽകാതെ പോസ്റ്റിൻ്റെ ഇടത് മൂലയിൽ പതിച്ചപ്പോൾ ജുബൈൽ എഫ്.സി ആദ്യ ലീഡെടുത്തു. എന്നാൽ ക്യാപ്റ്റൻ സുബൈറിൻ്റെയും, റിൻഷിഫിൻ്റെയും, തകർപ്പൻ ഗോളുകളിലൂടെ ഖാലിദിയ്യ ലീഡ് തിരിച്ച് പിടിച്ചു. നബീലിൻ്റെ പാസ് സ്വീകരിച്ച് വിഷ്ണു മൂന്നാം ഗോളും നേടിയതോടെ ഖാലിദിയ്യ മത്സരം തങ്ങളുടെ വരുതിയിലാക്കിയെങ്കിലും, ഗോകുലിൻ്റെയു, വിവേകിൻ്റെയും, ഷബീറിൻ്റെയുമൊക്കെ പോരാട്ട മികവിൽ ഏത് നിമിഷവും ജുബൈൽ എഫ്.സി കളിയിലേക്ക് തിരിച്ച് വരും എന്ന് തോന്നിപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഇതിനിടെ മത്സരത്തിൽ രണ്ടാം മഞ്ഞകാർഡ് കണ്ട് ക്യാപ്റ്റൻ സുബൈർ മടങ്ങി. എങ്കിലും ജസീമിൻ്റെ നാലാം ഗോളിലൂടെ ഖാലിദിയ്യ മത്സരത്തിൽ സർവ്വാധിപത്യം ഉറപ്പിച്ചു. അവാസാന മിനിറ്റിൽ പെനാൽറ്റിയിലൂടെ പ്രിൻസ് ജുബൈൽ എഫ്.സി ക്കായി ഒരു ഗോൾ കൂടി മടക്കിയെങ്കിലും ഫൈനലിലേക്കുള്ള ഖാലിദിയ്യയുടെ പ്രയാണത്തെ തടയാൻ ജുബൈൽ എഫ്.സിക്കായില്ല. മത്സരത്തിൽ ഖാലിദിയ്യയുടെ മധ്യനിരയിൽ തകർത്ത് കളിച്ച റിൻഷിഫ് തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
സെമി പോരാട്ടങ്ങളിൽ അൽഖോബാർ ജി.എം.സി ഷോറൂം മാനേജർ അബ്ദുല്ല ഹമാദ, ഹൈഡിറോക്സ് മാനേജർ ഈസ്സ അൽ-നാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുബാറക് കാക്കു , മാജിദ് അൽ-നാസർ, കബീർ കൊണ്ടോട്ടി, റോണി ജോൻസി, മഹ്മൂദ് പൂക്കാട്, ഷമീർ അരീക്കോട്, മൻസൂർമങ്കട, ജൗഹർ കുനിയിൽ, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, മീഡിയ കൺവീനർ സഹീർ മജ്ദാൽ, ഡിഫ ഭാരവാഹികളായ ഷഫീർ മണലോടി, ആഷിനെല്ലിക്കുന്ന്, ഫസൽ ജിഫ്രി, നാസർ വെള്ളിയത്ത്, സുനീർ എൻ പി, ശരീഫ് മാണൂർ, ഫവാസ്, റഷീദ് ചേന്ദമംഗല്ലൂർ, റാസിഖ് വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.