റിയാദ്: സൗദി ഫുട്ബോളിനെ ഇനിയും ലോക ഫുട്ബോളിലെ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ നയിക്കും. അൽ നസ്റുമായുള്ള കരാർ വീണ്ടും പുതുക്കിയാണ് സൗദിയിൽ തന്നെ താരം അരങ്ങുവാഴുക. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം താനാണെന്ന് സ്വയം പ്രഖ്യാപിച്ച ക്രിസ്റ്റ്യാനോ രണ്ട് ദിവസം മുമ്പാണ് 40ാം വയസ്സിലേക്ക് യാത്ര തുടങ്ങിയത്. തന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് താരം ഇപ്പോഴും. ലോകത്തിലെ മികച്ച താരം താൻ തന്നെയാണെന്ന് ക്രിസ്റ്റ്യാനോ ആവർത്തിക്കുകയും ചെയ്യുന്നു.
നാൽപ്പതിന്റെ നിറവിലും പതിനെട്ടിന്റെ ചുറുചുറുക്കിലാണ് ക്രിസ്റ്റ്യാനോ. മാഞ്ചസ്റ്ററിലും റയല്‍ മാഡ്രിഡിലും യുവന്റസിലും കാണിച്ച അതേ പ്രകടനം തെല്ലും കുറയാതെ റൊണാള്‍ഡോ സൗദിയിലും കുതിപ്പ് തുടരുകയാണ്. 2022ല്‍ യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തി ഫോം പുറത്തെടുക്കാനാവാതെ നിന്ന റൊണാള്‍ഡോ തന്നെ താനാക്കി മാറ്റിയ ആ ക്ലബ്ബിനോട് വിടപറഞ്ഞ് എത്തിയത് സൗദിയിലേക്കായിരുന്നു.സൗദിയില്‍ ഇനി റൊണാള്‍ഡോയ്ക്ക് നേടാന്‍ ഒന്നുമില്ലെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. മദീരയുടെ രാജകുമാരന്റെ കാലം കഴിഞ്ഞെന്നും ഫുട്‌ബോള്‍ വിദഗ്ധർ എഴുതി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് റോണോ സൗദിയിലെത്തി. സൗദി ഫുട്‌ബോള്‍ ലീഗിന്റെ തലവര തന്നെ മാറ്റിവരച്ച ഒരു കരാറായിരുന്നു അത്. സൗദി പ്രോ ലീഗ് ക്ലബ്ബില്‍ 2023 ജനുവരിയില്‍ എത്തിയ റൊണാള്‍ഡോ 2025 ഫെബ്രുവരിയിലെത്തി നില്‍ക്കുന്നു. ഇവിടെയും ഗോളിനായുള്ള ക്രിസ്റ്റിയാനോയുടെ ദാഹം തീര്‍ന്നില്ല. റൊണാള്‍ഡോ എന്തായിരുന്നോ അത് അല്‍ നസറിനൊപ്പവും തുടര്‍ന്നു.
തന്റെ പ്രകടനത്തില്‍ അണു കുറയാതെ ആ താരം ഗ്രൗണ്ട് മുഴുവന്‍ കീഴടക്കുന്നു. സൗദി പ്രോ ലീഗിലെ റെക്കോഡുകള്‍ എല്ലാം വാരിക്കൂട്ടുന്നു. റെക്കോഡുകളുടെ കളിതോഴന്‍ സൗദിയില്‍ നേടാത്ത നേട്ടങ്ങളും ഇല്ല. വ്യക്തി ഗത പ്രകടനം കുന്നോളം ഉയരുമ്പോഴും ക്ലബ്ബിനൊപ്പം കിരീടങ്ങള്‍ നേടാനാവത്തതാണ് റൊണാള്‍ഡോയുടെ തിരിച്ചടി. ഇപ്പോഴിതാ താരം തന്റെ കരാര്‍ 2026 ജൂണ്‍ വരെ നീട്ടാന്‍ ധാരണയായിരിക്കുന്നു.ലോകത്തിലെ ടോപ് ഫൈവ് ലീഗുകള്‍ എന്നതാണ് സൗദി പ്രോ ലീഗ് അധികൃതരുടെ ലക്ഷ്യം. നിലവില്‍ ആ ലക്ഷ്യത്തിലേക്ക് സൗദി നീങ്ങുകയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിറകിലേറി. റൊണാള്‍ഡോ സൗദിയിലെത്തിയത് മുതലാണ് പ്രൊ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം റെക്കോഡ് ഉയര്‍ച്ചയിലെത്തിയത്. യൂറോപ്പിലെ വന്‍ കിട താരങ്ങള്‍ സൗദിയിലെത്തിയതും റൊണാള്‍ഡോയുടെ സൗദിയിലെ അരങ്ങേറ്റത്തോടെയാണ്.
അല്‍ നസറിന്റെ ഓള്‍ ടൈം ടോപ് സ്‌കോറര്‍ ആണ് റൊണാള്‍ഡോ.നിലവില്‍ അല്‍ നസറിനൊപ്പം 96 മല്‍സരങ്ങളില്‍ നിന്ന് താരത്തിന് 88 ഗോളുകള്‍ ഉണ്ട്. സൗദി പ്രോ ലീഗില്‍ 65 മല്‍സരങ്ങളില്‍ നിന്നായി 65 ഗോളും താരം നേടിയിട്ടുണ്ട്. 16 അസിസ്റ്റും സിആര്‍7 തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 12 ഗോളും രണ്ട് അസിസ്റ്റും റോണോ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സൗദി പ്രോ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും (35) റൊണാള്‍ഡോയാണ്. സൗദി ലീഗിലെ ഓള്‍ ടൈം സ്‌കോറര്‍മാറില്‍ 11ാം സ്ഥാനവും റൊണാള്‍ഡോയുടെ പേരിലാണ്. നിലവില്‍ ലീഗില്‍ അല്‍ നസര്‍ മൂന്നാം സ്ഥാനത്താണ്.അല്‍ ഇത്തിഹാദ് ഒന്നാം സ്ഥാനത്തും അല്‍ ഹിലാല്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. നിലവില്‍ ലോക ഫുട്‌ബോളിലെ ഒന്നാം സ്ഥാനത്ത് 923 കരിയര്‍ ഗോളുകളുമായി റൊണാള്‍ഡോ ഒറ്റയാനായി നിലയുറപ്പിച്ചിരിക്കുകയാണ്. 2026 ലോകകപ്പ് കളിക്കാനും താന്‍ ഉണ്ടാവുമെന്ന പ്രഖ്യാപനവും അതിന്റെ തെളിവുകളുമാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടുകൊണ്ടിരിക്കുന്നത്.