ലാ കാർട്ടൂജ (മഡ്രീഡ്)- എന്തൊരു വീര്യം, എന്തൊരാവേശം. ലോക ഫുട്ബോളിലെ ആവേശപ്പോരിൽ ബാഴ്സലോണക്ക് കിരീടം. കോപ ഡെൽറേയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ലാ കാർട്ടൂജയിൽ ലോക ഫുട്ബോളിലെ രണ്ടു അതികായൻമാർ കൊമ്പുകോർത്ത കോപ ഡെൽറേ ഫൈനലിലെ തീപാറും പോരാട്ടം നക്ഷത്രങ്ങൾ പോലും കണ്ണിമ ചിമ്മാതെ കണ്ടുനിന്നിട്ടുണ്ടാകും. കണ്ണടക്കാതെനിന്ന ആ നിമിഷത്തിൽ, മത്സരത്തിന്റെ 115ാം മിനിറ്റിൽ ബാഴ്സയുടെ കൗണ്ടേയുടെ തീപ്പാറും ഗോൾ പിറന്നു. കോപ ഡെൽറേയിൽ ബാഴ്സക്ക് മുത്തമിടാനുള്ള ഗോൾ. ബോക്സിന്റെ അരികിൽ മോഡ്രിച്ചിന്റെ അലസമായ പാസിൽ കൗണ്ടേ ചാടിവീഴുന്നതിനാണ് ലോകം സാക്ഷിയായത്. പിന്നെ കാണുന്നത് കൗണ്ടേയുടെ വലത് കാൽ ഷോട്ട് കോർട്ടോവയെ റയലിന്റെ പോസ്റ്റിൽ പതിക്കുന്നതായിരുന്നു. ബാഴ്സയുടെ വിജയാഘോഷം അവിടെ തുടങ്ങുകയായിരുന്നു. പാരമ്പര്യ വൈരികളെ തോൽപ്പിച്ചതിന്റെ ആവേശം.
ഇരുപത്തിയെട്ടാമത്തെ മിനിറ്റിൽ പെഡ്രിയാണ് ബാഴ്സയുടെ ആദ്യഗോൾ നേടിയത്. എപ്പോഴും അപകടകാരിയായ ലാമിൻ യമാൽ ആ സമയത്ത് വലത് വിംഗിൽ സ്വതന്ത്രനായിരുന്നു. പെനാൽറ്റി ഏരിയയുടെ അരികിലേക്ക് ലാമിൻ യമാൽ മനോഹരമായ പാസ് നൽകുന്നു. ഓടിക്കയറിയ പെഡ്രി, ആദ്യ ടച്ചിൽ തന്നെ അതിശയകരമായ വലത് കാൽ ഫിനിഷ് സൃഷ്ടിക്കുന്നു. റയൽ ഗോൾ കീപ്പർ കോർട്ടോവയിൽ നിന്ന് ഏറെ ദൂരെയായി പോസ്റ്റിന്റെ മൂലയിലേക്ക് പന്തു ഉരുണ്ടു കയറി. ഗോൾകീപ്പർക്ക് യാതൊരു അവസരവും ഉണ്ടായിരുന്നില്ല.
ആദ്യപാതിയിൽ മുന്നിട്ടുനിന്ന ബാഴ്സലോണയെ രണ്ടാം പകുതിയിൽ കിലിയൻ എംബപ്പ നേടിയ ഫ്രീകിക്ക് ഗോളിലൂടെ റയൽ മഡ്രീഡ് സമനിലയിൽ കുരുക്കി. രണ്ടാം പകുതിയിലായിരുന്നു എംബപ്പയുടെ ഗോൾ. എഴുപതാമത്തെ മിനിറ്റിലായിരുന്നു ഇത്. തന്റെ തനതായ ശൈലിയും ചാരുതയും കൊണ്ട് എംബപ്പെ നേടിയ ഗോളായിരുന്നു ഇത്. ബാഴ്സലോണ ഒരുക്കിയ ദുർബലമായ മതിൽ എംബപ്പ ക്ക് അവസരമായിരുന്നു എന്നതാണ് സത്യം. സാമാന്യം വലിയൊരു വിടവുണ്ടായിരുന്നു അവിടെ. സൂത്രശാലിയായ എംബാപ്പേ അത് നന്നായി മുതലാക്കി. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ലഭിച്ച കിക്ക് തടയാൻ ബാഴ്സ താരങ്ങൾ കോട്ടപോലെ പോസ്റ്റിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ഇടതുഭാഗത്തെ നേരിയ വിടവിലൂടെ എംബപ്പ തീപ്പാറിച്ചു. പോസ്റ്റിൽ തട്ടിയ പന്ത് വലയിലേക്ക് കയറി.
ഗോൾ തിരിച്ചടിച്ചതോടെ അതുവരെ കണ്ട മഡ്രീഡ് ആയിരുന്നില്ല ഗ്രൗണ്ടിൽ. ബാഴ്സ താരങ്ങളുടെ കാലിൽനിന്ന് പന്തു കൊത്തിയെടുത്ത് ചീറ്റപ്പുലികൾ കണക്കെ കുതിക്കുന്ന റയൽ താരങ്ങൾ. ഇതിന്റെ ഫലം 77-ാം മിനിറ്റിൽ കണ്ടു. റയൽ ഒരു ഗോൾ കൂടി തിരിച്ചടിച്ച് മുന്നിലെത്തി. കോർണറിൽനിന്നായിരുന്നു ഈ ഗോൾ. ഷൗമനിയായിരുന്നു ഗോൾ നേടിയത്.
തുടർന്നും റയൽ ആക്രമണം വേഗത്തിലാക്കിയെങ്കിലും തിരിച്ചടിച്ച് മത്സരം സമനിലയിലാക്കിയത് ബാഴ്സയായിരുന്നു. 84-ാം മിനിറ്റിലായിരുന്നു ബാഴ്സ ആരാധകർക്ക് ജീവശ്വാസം നൽകിയ ഗോൾ. ലാമിൻ യമാൽ വലതുവശത്തേക്ക് നൽകിയ മനോഹരമായ ലോഫ്റ്റഡ് പാസിൽനിന്നായിരുന്നു ഗോൾ. ആ പാസിലേക്ക് ഓടിക്കയറിയ ഫെറാൻ ടോറസ് ഗോൾകീപ്പർ കൂർട്ടോയ്സിനെ മറികടന്ന് പന്ത് കാലിലാക്കി, ഒരു ഇടുങ്ങിയ ആംഗിളിൽ നിന്ന് ശൂന്യമായ വലയിലേക്ക് കൃത്യമായി സ്ലൈഡ് ചെയ്തു. റൂഡിഗർ അവിടേക്ക് ഓടിയെത്താൻ ആഞ്ഞുശ്രമിച്ചെങ്കിലും പന്തിന് അതിനേക്കാൾ വേഗമുണ്ടായിരുന്നു. പന്ത് റയലിന്റെ വലയിൽ. മത്സരത്തിന്റെ നിശ്ചിത സമയം തീരാൻ അര മിനിറ്റ് ശേഷിക്കേ ബാഴ്സക്ക് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചു. ഇടതുവശത്ത് നിന്ന് ഓടിക്കയറിയ റഫീഞ്ഞയെ അസെൻസിയോ ഫൗൾ ചെയ്തുവെന്നായിരുന്നു റഫറിയുടെ കണ്ടെത്തൽ. എന്നാൽ വാറിൽ പെനാൽറ്റി റദ്ദാക്കി. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 115-ാം മിനിറ്റിലാണ് ബാഴ്സയുടെ വിജയ ഗോൾ കൗണ്ടേ നേടിയത്.