ഹൂസ്റ്റണ്‍: കോപ്പാ അമേരിക്കാ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ ക്വാര്‍ട്ടറില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന-ഇക്വഡോറിനെ നേരിടും. കപ്പ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വാമോസിന്റെ വരവ്. കൂടാതെ ഖത്തര്‍ ലോകകപ്പ് ചാംപ്യന്മാരുടെ രാജകീയ പരിവേഷം ലാറ്റിന്‍ അമേരിക്കയിലും നിലനിര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. ഹൂസ്റ്റണിലെ എആര്‍ജി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മല്‍സരം. ഗ്രൂപ്പ് എയില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് ചാംപ്യന്മാരായാണ് അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. കാനഡ, ചിലി, പെറു എന്നിവരായിരുന്നു ബ്ലൂസിന്റെ ഗ്രൂപ്പ് സ്റ്റേജിലെ എതിരാളികള്‍.
ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ഇക്വഡോര്‍. ജമൈക്കയ്ക്കെതിരേ വിജയിച്ച ഇക്വോഡര് മെക്സിക്കോടെ സമനിലയില്‍ തളച്ചു. എന്നാല്‍ വെനസ്വേലയോട് പരാജയപ്പെട്ടു. ഇരുവരും ഇതുവരെ 17 കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതെണ്ണത്തില്‍ അര്‍ജന്റീനയ്ക്കൊപ്പമായിരുന്നു ജയം. മൂന്ന് കളികളില്‍ ഇക്വഡോര്‍ വിജയിച്ചു. അഞ്ച് മല്‍സരങ്ങളില്‍ സമനില പിടിച്ചു.
സൂപ്പര്‍ താരം ലയണല്‍ മെസ്സി നാളെ ഇറങ്ങുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.ചിലിക്കെതിരായ മല്‍സരത്തില്‍ വലത് കാലിന് പരിക്കേറ്റ മെസ്സി പെറുവിനെതിരേ കളിച്ചിരുന്നില്ല. എന്നാല്‍ അവസാനഘട്ട പരിശീല സെഷന് ശേഷം താരത്തിന്റെ നിലവിലെ സ്ഥിതിരയെ കുറിച്ച് വ്യക്തമാക്കുമെന്ന് കോച്ച് സ്കലോണി അറിയിച്ചു. ഇക്വഡോറിനെതിരേ തിരിച്ചടി നേരിട്ടാല്‍ മാത്രം രണ്ടാം പകുതിയില്‍ താരത്തെ ഇറക്കാനാണ് കോച്ചിന്റെ തീരുമാനം. അല്ലാത്ത പക്ഷം കൂടുതല്‍ ഫിറ്റോടെ സെമിയില്‍ മെസ്സിയേ ഇറക്കാനാണ് കോച്ചിന്റെ തീരുമാനം.
ഇക്വഡോര്‍ ടീം ശക്തരാണെന്നും അവരെ ചെറുതായി കാണുന്നില്ലെന്നും കോച്ച് വ്യക്തമാക്കി. മെസ്സിയില്ലെങ്കിലും ഇക്വഡോറിനെതിരേ അനായാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന. നിലവില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സാണ് അര്‍ജന്റീനയുടെ പ്രധാന പ്രതീക്ഷ. താരം മൂന്ന് മല്‍സരത്തില്‍ നിന്നായി നാല് ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് നടന്ന സൗഹൃദ മല്‍സരത്തില്‍ ഇക്വഡോറിനെതിരേ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. അര്‍ജന്റീനന്‍ ടീമിനെ നന്നായി പഠിച്ചെന്നും അവര്‍ക്കെതിരേയുള്ള മികച്ച ടീമിനെ തയ്യാറാക്കി കഴിഞ്ഞെന്നും ഇക്വഡോര്‍ കോച്ച് ഫെലിക്സ് സാഞ്ചസ് അറിയിച്ചു. ഫിസിക്കലി ശക്തരായ ടീമാണ് ഇക്വഡോര്‍. നിരവധി ടാലന്റുള്ള താരങ്ങളാല്‍ സമ്പന്നവും. 90 മിനിറ്റ് അര്‍ജന്റീനയെ പിടിച്ചുനിര്‍ത്താനുള്ള കഴിവ് ടീമിനുണ്ടെന്നാണ് കോച്ചിന്റെ വാദം. അര്‍ജന്റീനയുടെ കോപ്പാ അമേരിക്കന്‍ സെമിയിലേക്കുള്ള യാത്ര മുടക്കാനുള്ള കരുത്ത് ഇക്വഡോര്‍ പുറത്തെടുക്കുമെന്നാണ് കോച്ചിന്റെ ആത്മ വിശ്വാസം.