മാഡ്രിഡ്: ജീവിതത്തിൽ ഇനിയൊരു ഫുട്‌ബോൾ ക്ലബ്ബിനെ പരിശീലിപ്പിച്ചേക്കില്ലെന്ന് റയൽ മാഡ്രിഡ് വിടുന്ന ഇതിഹാസ പരിശീലകൻ കാർലോ ആൻചലോട്ടി. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന 68-കാരൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച റയൽ സോസിഡാഡിനെതിരായ അവസാന ഹോം മത്സരത്തോടെ ആൻചലോട്ടി റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങും.
രണ്ട് സ്‌പെല്ലുകളിലായി ക്ലബ്ബിനൊപ്പം 15 ട്രോഫികൾ നേടിയ ആൻചലോട്ടി കിരീടങ്ങളുടെ കാര്യത്തിൽ റയലിന്റെ ഏറ്റവും വിജയകരമായ പരിശീലകനാണ്. 2021-22 ലെ മാഡ്രിഡിന്റെ ലാലിഗ വിജയത്തോടെ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലും കിരീടമണിയുന്ന ആദ്യ പരിശീലകനായി അദ്ദേഹം മാറിയിരുന്നു. ലാലിഗയിൽ തുടർച്ചയായി 42 മത്സരങ്ങൾ തോൽവിയറിയാതെ റയലിനെ പരിശീലിപ്പിച്ച അദ്ദേഹം റെക്കോർഡിട്ടിരുന്നു; 2023 സെപ്റ്റംബറിനും 2024 ഒക്ടോബറിനും ഇടയിലായിരുന്നു ഇത്.
ബ്രസീലിലെ കാലാവധി അവസാനിച്ച ശേഷം മാഡ്രിഡിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അതേപ്പറ്റിയൊന്നും എനിക്കറിയില്ല’ എന്നായിരുന്നു ആൻചലോട്ടിയുടെ മറുപടി.
‘എനിക്ക് മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാൻ തോന്നുന്നില്ല. അല്ലെങ്കിൽ മാഡ്രിഡിനു ശേഷം ഞാൻ അങ്ങനെ ചെയ്തില്ല. അതാണെനിക്ക് പറയാനുള്ളത്. ഭാവിയിൽ… എനിക്കറിയില്ല. പക്ഷേ ഇപ്പോൾ മുന്നിലുള്ളത് ബ്രസീലിനൊപ്പം ചേർന്ന് അവരെ നന്നായി കളിപ്പിക്കുക എന്നതാണ്.’
‘റയൽ മാഡ്രിഡിനെ മറ്റൊരു ക്ലബ്ബിനും ഒറ്റിക്കൊടുക്കാതിരിക്കാനും ഏറ്റവും കൂടുതൽ ചരിത്രമുള്ള, അഞ്ച് തവണ ലോകചാമ്പ്യന്മാരായ ദേശീയ ടീമിലേക്ക് പോകാനും അവസരം ലഭിച്ചതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇത് ഒരു വലിയ വെല്ലുവിളിയാണ്, പക്ഷേ ബ്രസീലിനൊപ്പം ഒരു ലോകകപ്പിന് തയ്യാറെടുക്കാൻ കഴിയുക എന്നത് ഞാനേറെ ഇഷ്ടപ്പെടുന്നു…’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇൻസ്റ്റാഗ്രാമിലൂടെ ആഞ്ചലോട്ടി മാഡ്രിഡ് ആരാധകരോട് വിട പറഞ്ഞു.
‘നമ്മൾ വീണ്ടും വേർപിരിയുകയാണ്. വീണ്ടും, റയൽ മാഡ്രിഡ് പരിശീലകനെന്ന നിലയിലുള്ള ഈ അത്ഭുതകരമായ രണ്ടാം ഘട്ടത്തിൽ ജീവിച്ച ഓരോ നിമിഷവും എന്നുമെന്റെ ഹൃദയത്തിലുണ്ടാകും.’ അദ്ദേഹം പറഞ്ഞു.
‘മറക്കാനാവാത്ത വർഷങ്ങളായിരുന്നു, വികാരങ്ങളും പദവികളും എല്ലാറ്റിനുമുപരി, ഈ ഷീൽഡിനെ പ്രതിനിധീകരിക്കുന്നതിന്റെ അഭിമാനവും നിറഞ്ഞ ഒരു അവിശ്വസനീയമായ യാത്ര.
‘പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസിനും, ക്ലബ്ബിനും, എന്റെ കളിക്കാർക്കും, എന്റെ ജീവനക്കാർക്കും, എല്ലാറ്റിനുമുപരി, എന്നെ അവരിൽ ഒരാളായി തോന്നിപ്പിച്ച ഈ അതുല്യ ആരാധകനും നന്ദി. നാം ഒരുമിച്ച് നേടിയ നേട്ടങ്ങൾ മാഡ്രിഡിസത്തിന്റെ ഓർമ്മയിൽ എന്നെന്നേക്കുമായി നിലനിൽക്കും, വിജയങ്ങൾക്ക് മാത്രമല്ല, ഞങ്ങൾ അവ നേടിയ രീതിക്കും. ബെർണബ്യൂവിന്റെ മാന്ത്രിക രാത്രികൾ ഇതിനകം ഫുട്‌ബോളിലെ ചരിത്രമാണ്.
‘ഇപ്പോൾ ഞാൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയാണെങ്കിലും റയൽ മാഡ്രിഡുമായുള്ള എന്റെ ബന്ധം ശാശ്വതമാണ്.’
2026 ജൂണിൽ നിലവിലെ കരാർ അവസാനിക്കേണ്ടിയിരുന്ന ആൻചലോട്ടി, ബ്രസീലിന്റെ അഭ്യർത്ഥന പ്രകാരമാണ് നേരത്തെ മാഡ്രിഡിനോട് വിടപറയുന്നത്. മാഡ്രിഡിൽ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള അദ്ദേഹം ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ (അഞ്ച്) നേടിയ പരിശീലകനാണ്. ആറ് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലേക്ക് ടീമിനെ നയിച്ച ഏക പരിശീലകനും കൂടിയാണ്.
മികവിനൊത്ത പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതോടെ ആൻചലോട്ടിയുടെ റയലിലെ അവസാന വർഷം കിരീടമില്ലാതെയാണ് അവസാനിച്ചത്. കോപ്പ ഡെൽ റേ, സൂപ്പർകോപ്പ ഡി എസ്പാന ഫൈനലുകളിൽ ലോസ് ബ്ലാങ്കോസിനെ തോൽപ്പിച്ച ബാഴ്സലോണ ലാലിഗ കിരീടവും നേടിയത് വെള്ളപ്പടയ്ക്ക് തിരിച്ചടിയായി.
മുൻ മാഡ്രിഡ് മിഡ്ഫീൽഡർ സാബി അലോൺസോയാവും ഇനി റയലിനെ പരിശീലിപ്പിക്കുക. ഈ സീസണിന്റെ അവസാനത്തിൽ സ്പാനിഷ് താരം ജർമ്മൻ ക്ലബ് ബയേർ ലെവർകുസെൻ വിട്ടു. ജൂൺ 15 ന് ആരംഭിക്കുന്ന ക്ലബ് ലോകകപ്പിന് മുമ്പ് അലോൺസോയെ എത്തിക്കാൻ മാഡ്രിഡ് ശ്രമിക്കുന്നുണ്ടെങ്കിലും ആൻചലോട്ടിയുടെ പകരക്കാരനായി അദ്ദേഹത്തെ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാബി അലോൻസോയ്ക്ക് ആൻചലോട്ടി ഭാവുകങ്ങൾ നേർന്നു.
റയൽ മാഡ്രിഡിന്റെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരനും 2018 ലെ ബാലൺ ഡി ഓർ ജേതാവുമായ ലൂക്കാ മോഡ്രിച്ചും ഈസീസണോടെ ക്ലബ്ബ് വിടുകയാണ്. 39 കാരൻ ക്ലബ് ലോകകപ്പിന് ശേഷമാണ് ടീമിനോട് വിടപറയുക.