കാൻസാസ് സിറ്റി: ലോകകപ്പ് ഗ്രൂപ്പ് ജെയിലെ (Group J) ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒടുവിലത്തെ നിമിഷം വരെ നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അൾജീരിയയും ഓസ്ട്രിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിജയം ഉറപ്പിച്ച അൾജീരിയയെ ഓസ്ട്രിയ സമനിലയിൽ തളച്ചതോടെ, ഗ്രൂപ്പ് ഘട്ടത്തിൽ വെറും 3 പോയിന്റ് മാത്രം നേടാനായ ഇറാന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ പൂർണ്ണമായി അവസാനിക്കുകയായിരുന്നു.
കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ 28-ാം മിനിറ്റിൽ ഡേവിഡ് അലാബയുടെ മനോഹരമായ അസിസ്റ്റിൽ മാർക്കോ അർനൗട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ അദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ റഫീഖ് ബെൽഗാലിയിലൂടെ അൾജീരിയ സമനില പിടിച്ചു. രണ്ടാം പകുതിയിലും ഇരുടീമുകളും അക്രമം ശക്തമാക്കി. 55-ാം മിനിറ്റിൽ കോൺറാഡ് ലെയ്മറുടെ സഹായത്തോടെ മാർസെൽ സബിറ്റ്സർ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, 60-ാം മിനിറ്റിൽ ഹൂസെം ഔവാറിന്റെ പാസിൽ നിന്നും റിയാദ് മഹ്‌റെസ് അൾജീരിയയ്ക്കായി വീണ്ടും സമനില ഗോൾ നേടി.
തുടർന്ന് ഇഞ്ചുറി ടൈമിൽ മത്സരം കടുത്ത നാടകീയതയിലേക്കാണ് നീങ്ങിയത്. 90+4-ാം മിനിറ്റിൽ ഹൂസെം ഔവാറിന്റെ അസിസ്റ്റിൽ റിയാദ് മഹ്‌റെസ് തന്റെ രണ്ടാം ഗോളും നേടി അൾജീരിയയ്ക്ക് വൻ വിജയം സമ്മാനിച്ചെന്ന് എല്ലാവരും കരുതി. എന്നാൽ അൾജീരിയയുടെയും ഇറാൻ ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (90+6′) മൈക്കൽ ഗ്രിഗോറിഷിന്റെ അസിസ്റ്റിൽ സാസ കാലാജ്ഡിച്ച് നേടിയ ഒരു തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ ഓസ്ട്രിയ മത്സരം നാടകീയമായി സമനിലയിലാക്കുകയായിരുന്നു. അൾജീരിയയുടെ റിയാദ് മഹ്‌റെസ് ആണ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ സമനിലയോടെ 4 പോയിന്റോടെ ഓസ്ട്രിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. അതേസമയം 4 പോയിന്റുള്ള അൾജീരിയ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നതോടെയാണ് വെറും 3 പോയിന്റുമായി കാത്തിരുന്ന ഇറാന് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.



