കോപ്പാ അമേരിക്കയില്‍ ബ്രസീല്‍ ഉറുഗ്വെയോട് തോറ്റ് പുറത്തായതിന്റെ ഞെട്ടലില്‍ ആണ് ഫുട്‌ബോള്‍ ആരാധകര്‍. എന്നാല്‍ ഈ തോല്‍വി ബ്രസീല്‍ അര്‍ഹിച്ചതാണെന്നും ഒരു വിഭാഗം ആരാധകര്‍ സക്ഷ്യപ്പെടുത്തുന്നു. ഖത്തര്‍ ലോകകപ്പിലെ തോല്‍വി മുതല്‍ ബ്രസീല്‍ തകര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. മൂന്ന് പരിശീലകരാണ് ഇതിനിടയ്ക്ക് ടീമിലെത്തിയത്. ഈ കോപ്പയില്‍ നാം പഴയ ബ്രസീലിനെ കണ്ടിട്ടില്ല.എതിരാളികളുടെ മുന്നേറ്റത്തില്‍ തകരുന്ന ഒരു പ്രതിരോധ നിര അത് ബ്രസീലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.അതാണ് നാം കണ്ടത്.
കോസ്റ്ററിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഒരു പ്രൊപ്പര്‍ സ്ൈട്രക്കറുടെ അഭാവം അത് കാണാന്‍ കഴഞ്ഞു. പരാഗ്വെയ്‌ക്കെതിരേ നാല് ഗോളടിച്ചെങ്കിലും എടുത്ത പറയത്തക്ക മുന്നേറ്റങ്ങളും കണ്ടില്ല. കൊളംബിയന്‍ പ്രതിരോധത്തിന് മുന്നില്‍ പരീക്ഷിക്കപ്പെട്ട ബ്രസീല്‍ മുന്നേറ്റ നിര.കിരീട പോരാട്ടത്തിന് ബ്രസീലിന്റെ ഈ പ്രകടനം മതിയായിരുന്നില്ലെന്ന് ബ്രസീല്‍ ആരാധകര്‍ക്ക് പോലും അറിയാമായിരുന്നു. എങ്കിലും അവര്‍ മോഹിച്ചു .
ഓരോ മല്‍സരങ്ങള്‍ക്ക് ശേഷവും ടീം മെച്ചപ്പെടും അവര്‍ വിശ്വസിച്ചു.ഒരു കാലത്ത് അര്‍ജന്റീന്‍ ടീം നേരിട്ട അതേ പ്രതിസന്ധി ഇപ്പോള്‍ ബ്രസീലും നേരിടുന്നു. ബ്രസീലിന്റെ തോല്‍വിക്ക് കാരണമായി പലരും പല തരത്തില്‍ വിമര്‍ശം ഉന്നയിക്കുന്നുണ്ട്. ഡോറിവല്‍ ജൂനിയര്‍ എന്ന പരിശീലകന്റെ അശാസ്ത്രീയമായ ടീം സെലക്ഷനാണ് ഒരു കാരണം. ഇത്ര വലിയ ടൂര്‍ണ്ണമെന്റിന് വേണ്ടി പരിചയസമ്പത്തിനെ വകവയ്‌ക്കെതെ യുവനിരയ്ക്കാണ് ഡോറിവല്‍ പ്രാധാന്യം കൊടുത്തത്. ഇത് കളിശൈലിയെ തന്നെ മാറ്റി.വിങ് അറ്റാക്കുകളോ കൗണ്ടര്‍ അറ്റാക്കുകളോ ഒരിക്കല്‍ പോലും എതിര്‍മുഖത്ത് അപകടം സൃഷ്ടിച്ചില്ല.
ബ്രസീലിനെതിരായ മല്‍സരത്തില്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമസ് റൊഡ്രിഗസ് മല്‍സരത്തെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തിലാക്കി മുന്നേറിയിരുന്നു. ഇത്തരത്തിലുള്ള പ്രകടനം നടത്താന്‍ മഞ്ഞപ്പടയില്‍ ഒരു താരം പോലുമില്ല. കാനറികളുടെ സുല്‍ത്താന്റെ കുറവ് ഇവിടെയാണ് പ്രകടമാവുന്നത്. നെയ്മര്‍ ജൂനിയര്‍, കളിയെ മൊത്തം നിയന്ത്രണത്തിലാക്കാനുള്ള ആ കഴിവ് താരത്തിനുണ്ട്. അദ്ദേഹത്തിന്റെ വിടവ് നികത്താന്‍ കഴിവുണ്ടെന്ന് കോച്ച് ഡോറിവല്‍ പറയുന്നുണ്ടെങ്കിലും അത് സാധ്യമാവുന്നില്ല.
നെയ്മറിനെ കൊണ്ട് മാത്രമാവുന്ന ചില മുന്നേറ്റങ്ങള്‍, അവയുടെ കുറവ് ഇന്ന് ബ്രസീലിയന്‍ ടീമില്‍ കാണാം.നെയ്മറിനെ പഴിപറയുന്നവരും പരിഹസിക്കുന്നവരും ഒരിക്കല്‍ പോലും നെയ്മറുടെ പ്രകടനത്തെ നിസ്സാരമായി കാണാറില്ല. ആ അത്ഭുത പ്രതിഭയുടെ കുറവ് ഇന്ന് മഞ്ഞപടയുടെ പതനത്തിന് തന്നെ വഴിവച്ചു. നെയ്മറിന്റെ പിന്‍ഗാമിയാവാന്‍ ശ്രമിക്കുന്ന വിനീഷ്യസ് ജൂനിയറിന് അറ്റാക്കിങ്ങിലും മിഡ്ഫീല്‍ഡിങിലും ഒരു പോലെ തിളങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ നെയ്്മറിന് ഈ രണ്ട് പൊസിഷനില്‍ മാത്രമല്ല മുന്നേറ്റത്തിലും തിളങ്ങാന്‍ കഴിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. നെയ്മറിനെ പോലെ നെയ്മര്‍ മാത്രം.
വിങ് അറ്റാക്കര്‍ എന്ന നിലയില്‍ വിനീഷ്യസ് ജൂനിയര്‍ പ്ലേ മേക്കിങിലേക്കിറങ്ങുമ്പോള്‍ ഫിനിഷിങിലേക്ക് തനിച്ചാക്കപ്പെടുന്നു. കാല്‍പന്തുകളിയെ സ്‌നേഹിക്കുന്ന മഞ്ഞപ്പടയെ നെഞ്ചോട് ചേര്‍ക്കുന്ന ഓരോ ആരാധകനും ബ്രസീലിന്റെ കോപ്പയിലെ തോല്‍വിയെ അംഗീകരിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന വസ്തുത ഓരോ ആരാധകനും സമ്മതിക്കുന്നു.മുമ്പ് അര്‍ജന്റീനന്‍ കോച്ച് സകലോണിയും സമാനമായ സാഹചര്യത്തിന് അടിമപ്പെട്ടിരുന്നു. ഡോറിവല്‍ എന്ന കോച്ചിന് ഈ ടീമിനെ മെരുക്കിയെടുക്കേണ്ടതുണ്ട്. അതിന് കാലതാമസമെടുക്കും. എന്നാല്‍ ആരാധകര്‍ കാത്തിരിക്കും. സുല്‍ത്താന്റെ ആ പഴയ മഞ്ഞപ്പടയെ കാണാന്‍. ആരാധകരുടെ വലിയ പ്രതീക്ഷകളും അനാവശ്യ വിമര്‍ശനങ്ങളും ബ്രസീലിന്റെ ടീം പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അതി സമ്മര്‍ദ്ധത്തോടെയാണ് അവര്‍ കഴിഞ്ഞ മല്‍സരത്തിന് ഇറങ്ങിയത്.
ഉറുഗ്വെയ്‌ക്കെതിരേ റൊഡ്രിഗോ മോശം പ്രകടനം പുറത്തെടുത്തു. മിഡ്ഫീല്‍ഡിങില്‍ ജാവോ ഗോമസും ലൂക്കാസ് പക്വേറ്റയും ബ്രൂണോയും അമ്പേ പരാജയമായിരുന്നു. മല്‍സരത്തില്‍ തുടര്‍ച്ചയായ മൂന്ന് പാസ്സ് പോലും കംപ്ലീറ്റ് ചെയ്യാന്‍ മിഡ്ഫീല്‍ഡര്‍മാര്‍ക്കായില്ല. റഫീന മാത്രമായിരുന്നു ടീം നിരയില്‍ അല്‍പ്പം മുന്നിട്ട പ്രകടനം നടത്തിയത്. എല്ലാ മേഖലയിലും കടന്ന് ചൊല്ലാന്‍ റഫീന ശ്രമിച്ചിരുന്നു. രണ്ടാം പകുതിയില്‍ റഫീനയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്ത നടപടിയും തെറ്റായിരുന്നു. പരിചയസമ്പന്നനായ റഫീഞ്ഞ പെനാല്‍റ്റി എടുക്കാനും മികച്ചതായിരുന്നു. കോച്ചിന്റെ ഈ നീക്കവും പാളി. മറ്റ് സബ്സ്റ്റിറ്റിയൂഷനുകളും കോച്ചിന് പിഴച്ചിരുന്നു. ടീനേജ് താരം എന്‍ഡ്രിക്കിന് കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. എതിര്‍ ടീം ഡിഫന്‍സിനോട് മുട്ടി നില്‍ക്കാന്‍ പോലും എന്‍ഡ്രിക്കിനായില്ല. താരത്തിന് സ്‌കോര്‍ ചെയ്യാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല. റഫീഞ്ഞാ, സാവിനോ, മിലിറ്റാവോ എന്നിവരാണ് ഈ മല്‍സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയവര്‍.
ഒരു ഗോളവസരം സൃഷ്ടിക്കാന്‍ പോലും ബ്രസീല്‍ നിരയ്ക്കായില്ല എന്നത് അവരുടെ തകര്‍ച്ചയുടെ ആഴം കാണിക്കുന്നു. റെഡ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷങ്ങളില്‍ ഉറുഗ്വെ 10പേരായി ചുരുങ്ങിയിരുന്നു. എന്നിട്ടും ബ്രസീലിന് അത് മുതലാക്കാനായില്ല എന്നതും പരിതാപകരം. ബ്രസീലിയന്‍ ഫുട്‌ബോളില്‍ ലാറ്റിന്‍ അമേരിക്കയുടെ താളവും സൗന്ദര്യവും ഉണ്ടായിരുന്നു.
ഈ കോപ്പയില്‍ അര്‍ജന്റീനയ്ക്കും ഉറുഗ്വെയ്ക്കും കൊളംബിയക്കും പിന്നിലായിരുന്നു കിരീട ഫേവററ്റുകളിലും ആരാധകവ്യത്തത്തിലും ബ്രസീലിന്റെ സ്ഥാനം. വിനീഷ്യസിന്റെ കുറവ്. മുന്‍നിരയും മധ്യനിരയിലുമെല്ലാം ലോകത്തിലെ മികച്ച താരങ്ങളായിരുന്നു അണിനിരന്നത്. എന്നാല്‍ ഒരു ടീമായി മുന്നേറാന്‍ ബ്രസീലിന് ആയിരുന്നില്ല. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഞങ്ങള്‍ മുന്നേറുമെന്ന് കോച്ച് പറയുന്നുണ്ടെങ്കിലും കാനറികള്‍ക്ക്് കാര്യങ്ങള്‍ എളുമാവില്ല. നിലവില്‍ 10 ടീമുകളുള്ള ഗ്രൂപ്പില്‍ ബ്രസീലിന്റെ സ്ഥാനം ആറാമതാണ്. ഫോം വീണ്ടെടുക്കാത്ത പക്ഷം കാനറികളില്ലാത്ത 2026 ലോകകപ്പും നാം കാണേണ്ടിവരും.