ഖത്തർ– ഖത്തറിലെ ഏറ്റവും കൂടുതൽ ആരാധക വൃത്തമുള്ള അമീർ കപ്പ് ഫുട്ബോളിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അൽ ഗറാഫയും അൽ റയ്യാനും മാറ്റുരക്കുന്ന കിരീടപ്പോരാട്ടത്തിന് ശനിയാഴ്ച ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. സീസണിൽ ഏറ്റവും കൂടുതൽ കാണികളെത്തുന്ന മത്സരമായ അമീർ കപ്പിന്റെ ഗ്രാന്റ് ഫൈനലിനാണ് ശനിയാഴ്ച വേദിയൊരുങ്ങുന്നത്.
സെമി ഫൈനൽ മത്സരത്തിന് പിന്നാലെ ആരംഭിച്ച ടിക്കറ്റ് വിൽപ്പനക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. 44,828 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിലേക്ക് ബുധനാഴ്ചയിലെ കണക്കു പ്രകാരം 70 ശതമാനം ടിക്കറ്റുകളും വിൽപന നടത്തിക്കഴിഞ്ഞതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധി അലി അൽ സലാത് അറിയിച്ചു. 10, 30, 50 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ.
ശനിയാഴ്ച രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്, കാണികൾക്കായി 4 മണിക്ക് തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും. കാണികൾക്കായി പാർക്കിങ് അടക്കം വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി കഴിഞ്ഞെന്ന് സ്റ്റേഡിയം ഫെസിലിറ്റി ഡയറക്ടർ മൻസൂർ അൽ മുഹന്നദി അറിയിച്ചു. ഗോൾഡ് ലൈൻ മെട്രോ ഉപയോഗിച്ച് കാണികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. സ്റ്റേഡിയത്തിലേക്കുള്ള യാത്രാ സൗകര്യങ്ങളും പാർക്കിങ് സൗകര്യങ്ങളും അടങ്ങുന്ന മാപ്പ് അധികൃതർ കഴിഞ്ഞ ദിവസം പുറത്തിറക്കി.