ഇസ്തംബൂൾ– തുർക്കി ക്ലബ് ഫെനർബാഷെ പ്രശസ്ത പരിശീലകന്‍ ഹോസെ മൗറിന്യോയെ പുറത്താക്കി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയോട് 1-0ന് തോറ്റ് പുറത്തായതിനെ തുടർന്നാണ് മൗറിനോയെ പുറത്താക്കിയത്.
മൗറിനോയുമായി വേർപിരിയുന്നതായി ഫെനർബാഷെ പ്രസ്താവനയിൽ അറിയിച്ചു. 62-കാരനായ മൗറിന്യോക്ക് സേവനത്തിന് നന്ദി അറിയിച്ച ക്ലബ്, ഭാവിയിൽ എല്ലാവിധ ആശംസകളും നേർന്നു. മൗറിന്യോയെ പുറത്താക്കിയതാണെന്ന് ക്ലബ് ഭാരവാഹിയിലൊരാൾ ബി.ബി.സിയോട് വെളിപ്പെടുത്തി.
റയൽ മഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇന്റർ മിലാൻ, പോർട്ടോ, ടോട്ടൻഹാം, എ.എസ്. റോമ തുടങ്ങിയ യൂറോപ്പിലെ പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ച മൗറിന്യോ, തുർക്കി ലീഗിൽ ഫെനർബാഷെയെ രണ്ടാം സ്ഥാനത്തെത്തിച്ചെങ്കിലും വിവാദങ്ങൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല.
ഫെബ്രുവരിയിൽ ഗാലറ്റസരായ്ക്കെതിരായ ഗോൾരഹിത മത്സരത്തിന് ശേഷം, മൗറിന്യോ വംശീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഗാലറ്റസരായ് ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് നിഷേധിച്ച മൗറിന്യോ, 20 ലക്ഷം തുർക്കിഷ് ലീറ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗാലറ്റസരായ്ക്കെതിരെ കേസ് ഫയൽ ചെയ്തു.
ഗാലറ്റസരായ് മത്സരത്തിന് ശേഷം റഫറിമാർക്കെതിരായ പരാമർശത്തിന് മൗറിന്യോക്ക് നാല് മത്സരങ്ങളിൽ വിലക്ക് ലഭിച്ചു, പിന്നീട് ഇത് രണ്ട് മത്സരങ്ങളായി കുറച്ചു. ചാമ്പ്യൻസ് ലീഗിൽ ടീം പുറത്തായതോടെ ഫെനർബാഷെ മൗറിന്യോയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
2024ൽ എ.എസ്. റോമയിൽ നിന്നാണ് മൗറിന്യോ ഫെനർബാഷെയിൽ എത്തിയത്. 2000ൽ ബെൻഫിക്ക പരിശീലിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കോച്ചിങ് ജീവിതം ആരംഭിച്ചത്. 2010-2013ൽ റയൽ മഡ്രിഡിനെയും 2016-2018ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും അദ്ദേഹം പരിശീലിപ്പിച്ചു.