യു.എസ്.എ– ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ഇന്നു നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്‌പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെൻ്റ് ജെർമെയ്‌നാണ്. ഫ്രാൻസിലെയും യൂറോപ്പിലെയും നമ്പർ വൺ കീരീടങ്ങൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുന്ന പി.എസ്.ജിക്ക് ക്ലബ് ലോകകപ്പ് ട്രോഫി കൂടിയാണ് ഇനി ബാക്കി. ലാ ലിഗയിൽ രണ്ടാമതാവുകയും ചാമ്പ്യൻസ് ലീഗിൽ നേരത്തേ മടങ്ങുകയും ചെയ്ത റയലിനെ സംബന്ധിച്ച് ഒരു കപ്പ് അനിവാര്യവും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഈസ്റ്റ് റഥർ ഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ദീർഘകാലം പി.എസ്.ജി താരമായിരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ തന്റെ മുൻ ക്ലബിനെതിരെ ആദ്യമായി കളിക്കുന്നതിന്റെ പ്രത്യേകത ഈ സെമിഫൈനലിനുണ്ട്. കുറച്ച് ദിവസം മുൻപാണ് മെസ്സിയും സമാന അനുഭവം ഏറ്റുവാങ്ങിയത് . പ്രീക്വാർട്ടറിൽ ഇൻ്റർ മയാമി ജഴ്‌സിയിലാണ് പി.എസ്.ജിക്കെതിരെ കളിച്ചത്, എന്നാൽ വിജയിക്കാനായില്ല. പുതിയ യൂറോപ്യൻ സൂപ്പർ പവറായി മാറിയ പി.എസ്.ജി, ക്ലബ് ലോകകപ്പിൽ രാജകീയ യാത്ര തുടരുകയാണ്.
ഫേവറിറ്റുകളായി പി.എസ്.ജി ; എഴുതിതള്ളാൻ സാധിക്കാത്ത റയൽ മഡ്രിഡ്
ക്ലബ് ലോകകപ്പ് കിരീടം ഇത്തവണ പിഎസ്‌ജിക്കെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. ഓൺലൈൻ വാതുവയ്‌പ് പ്ലാറ്റ്‌ഫോമുകളിൽ പിഎസ്‌ജിക്ക് പിന്തുണ നൽകിയവരുടെ എണ്ണമാണ് അതിന്റെ തെളിവ്. ചാംപ്യൻസ് ലീഗ് ഫൈനൽ ടീമിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ തന്നെയാണ് കോച്ച് ലൂയി എൻറിക്വെ ക്ലബ് ലോകകപ്പിലേക്ക് ടീമിനെ നയിച്ചത്. ഇതിനകം ‘സെറ്റായിക്കഴിഞ്ഞ’ ഈ ടീമിന്റെ ആക്രമണനിരയെ പോലെ തന്നെ പ്രതിരോധവും കരുത്തുറ്റതാണ്. ഗ്രൂപ്പ് ബി ജേതാക്കളായി നോക്കൗട്ടിലെത്തിയ പിഎസ്‌ജി, ഇൻ്റർ മയാമിയെ (4-0), പിന്നീട് ബയൺ മ്യൂണിക്കിനെയും (2-0) തോൽപ്പിച്ചാണ് സെമിയിലേക്കെത്തിയിരിക്കുന്നത്. ബയണിനെതിരായ ജയത്തിൽ ഗോൾ നേടിയ ഉസ്മാൻ ഡെംബലെയും ഡിസിർ ഡൗവുമാണ് ഫ്രഞ്ച് ക്ലബിന്റെ തുറുപ്പുചീട്ടുകൾ. എന്നാൽ വില്യം പാച്ചോയും ലൂക്കാസ് ഹെർണാണ്ടസും സസ്പെൻഷൻ കാരണം ഇന്ന് കളിക്കില്ലെന്നത് പി.എസ്.ജിക്ക് വലിയ തിരിച്ചടിയായി മാറാൻ സാധ്യതയുണ്ട്.
സാബി അലോൻസോ പരിശീലകനായി ചുമതലയേറ്റ ശേഷം റയൽ മഡ്രിഡിനു സംഭവിച്ച മാറ്റങ്ങൾ ലോകം ചർച്ച ചെയ്യുകയാണ്. അലോൻസോയുടെ ടാക്‌ടിക്കൽ മികവ് പിഎസ്‌ജിയെ മറികടക്കാൻ ടീമിനെ തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. വയറുവേദന ഭേദമായി കിലിയൻ എംബപെ തിരിച്ചെത്തിയത് റയലിന് ആശ്വാസമാണ്. എംബപെയുടെ മുൻ ക്ലബ് പിഎസ്‌ജി എതിരാളികളാകുമ്പോൾ പ്രത്യേകിച്ചും. എംബപെയുടെ അഭാവത്തിൽ താരമായി മാറിയ ഗോൺസാലോ ഗാർഷ്യ (4 ഗോൾ) ടൂർണമെന്റിലെ ടോപ്‌സ്കോറർമാരുടെ പട്ടികയിലുണ്ട്. വിനീസ്യൂസ്, ജൂഡ് ബെലിങ്ങാം എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോൾ പിഎസ്‌ജിയുടെ യുവനിരയെ പിടിച്ചുനിർത്താൻ കഴിയുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. പ്രീക്വാർട്ടറിൽ യുവൻ്റസിനെയും (1-0) ക്വാർട്ടർ ഫൈനലിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും (3-2) തോൽപിച്ചാണ് റയൽ സെമിയിൽ എത്തിയത്.