മുംബൈ – വനിതാ ഏകദിന ലോകകപ്പിൽ ഒരു വിജയമകലെ കനക കീരിടം സ്വപ്നം കണ്ടു ഇറങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കെതിരെ ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് നവി മുംബൈയിലാണ് കലാശ പോരാട്ടത്തിന് തുടക്കം. ഇരു ടീമുകളും ലക്ഷ്യമാണത് ആദ്യത്തെ ലോക കിരീടമാണ്. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ തകർത്താണ് ആതിഥേയരായ ഇന്ത്യയുടെ വരവെങ്കിൽ ഇംഗ്ലണ്ടിനെ തകർത്താണ് ദക്ഷിണാഫ്രിക്കയുടെ വരവ്.
സെമിയിൽ ഓസ്ട്രേലിയക്കെതിരെ 339 എന്ന കൂറ്റൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ജെമിമ റോഡ്രിഗസ്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺ ചേസിങ് എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ജെമിമ, ഹർമൻപ്രീത് എന്നിവരെ കൂടാതെ സ്മൃതി മന്ദാന, ഹർലീൻ കൗർ എന്നിവരും ബാറ്റിങ്ങിലെ കരുത്താണ്. സെമിഫൈനലിനു മുമ്പ് പരിക്ക് പറ്റി പിൻവാങ്ങിയ പ്രതീക റാവലിന്റെ അഭാവം ടീമിന് തിരിച്ചടിയാകുന്നുണ്ടെങ്കിലും പകരം എത്തിയ ശഫാലി വർമ മികച്ച പ്രകടനം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ബൗളിങ്ങിലേക്ക് നോക്കുമ്പോൾ 17 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ദീപ്തി ശർമ്മ തന്നെയാണ് പ്രധാനി. കൂടെ നല്ലപുരെഡ്ഡി ചാരണിയും ചേരുമ്പോൾ ഇന്ത്യൻ ടീം വളരെ ശക്തമാണ്.
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പിന്നീട് മൂന്ന് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരോട് പരാജയപ്പെട്ടു പുറത്താവലിന്റെ വക്കലിലായിരുന്നു. എന്ന ന്യൂസിലാൻഡിനെ മികച്ച വിജയം നേടി സെമിയിലേക്ക് പ്രവേശിച്ച ഹർമൻപ്രീതും താരങ്ങളും ചരിത്രവിജയം നേടിയാണ് കലാശ പോരാട്ടത്തിന് ഇറങ്ങുന്നത്. മുമ്പ് രണ്ട് തവണ ഏകദിന ലോകകപ്പിൽ ഫൈനലിൽ എത്തിയെങ്കിലും തോൽവിയായിരുന്നു വിധി.
ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിൽ കലാശ പോരാട്ടത്തിന് യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയുടെ പ്രധാന ആയുധം ലോറ വോൾവാർഡാണ്. ഒരു സെഞ്ച്വറിയടക്കം 470 റൺസുമായി റൺസ് വേട്ടക്കാരിൽ ഒന്നാമതാണ് ലോറ. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വെറ്ററൻ താരം മരിസാൻ കാപ്പാണ് ബൗളിങിൽ പ്രധാനി.
ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും ദക്ഷിണാഫ്രിക്കക്കുണ്ട്.
ഇന്ന് നടക്കുന്ന മത്സരത്തിൽ മഴപെയ്യാൻ സാധ്യത ഏറെയാണ്. അതിനാൽ തന്നെ നാളെ ( നവംബർ 3, തിങ്കളാഴ്ച ) റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മഴ കളി മുടക്കിയാൽ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യന്മാരായി നിയമിക്കും.



