പെർത്ത് – ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി-20 യിലെ അവസാന മത്സരം മഴ കാരണം ഒഴിവാക്കി. ഇതോടെ ഇന്ത്യ പരമ്പര നേടി (2-1). 4.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 52 റൺസ് എന്ന ശക്തമായ നിലയിൽ നിൽക്കെയാണ് മഴ മത്സരം നഷ്ടപ്പെടുത്തിയത്. ടോസ് ലഭിച്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒരു സിക്സും ഒരു ഫോറുമടക്കം അഭിഷേക് ശർമ 13 പന്തിൽ 23 റൺസ്, ശുഭ്മൻ ഗിൽ 16 പന്തിൽ ആറു ഫോറുകളടക്കം 29 റൺസ് എന്നിങ്ങനെ നിൽക്കെയാണ് മഴ എത്തിയത്. പിന്നീട് ഒരു പന്തു പോലും എറിയാൻ കഴിയാതെ മത്സരം ഒഴിവാക്കുകയായിരുന്നു.
പരമ്പരയിൽ രണ്ടാമത്തെ മത്സരമാണ് മഴ കാരണം നഷ്ടപ്പെടുത്തിയത്. ഏകദിന പരമ്പര ഓസ്ട്രേലിയ നേടിയപ്പോൾ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അഭിഷേക് ശർമയാണ് പരമ്പരയിലെ താരം. തുടർച്ചയായ ഏഴാം ടി-20 പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ 10 ടി-20 പരമ്പരയിൽ ഇന്ത്യ കൈ വിട്ടിട്ടുമില്ല.



