ലഖ്നൗ- സമാജ് വാദിയുടെ ലോക്സഭ എം.പി പ്രിയ സരോജും ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗും വിവാഹിതരായി. ക്രിക്കറ്റ് രാഷ്ട്രീയ മേഖലയിൽനിന്നുള്ള മുന്നൂറോളം പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. അഖിലേഷ് യാദവ്, ജയ ബച്ചൻ, ഡിംപിൾ യാദവ്, ഇക്ര ഹസൻ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും മുൻ ക്രിക്കറ്റ് താരങ്ങളായ പ്രവീൺ കുമാർ, പിയൂഷ് ചൗള, യുപി രഞ്ജി ക്യാപ്റ്റൻ ആര്യൻ ജുയാൽ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല, മുതിർന്ന രാഷ്ട്രീയ നേതാവ് രാം ഗോപാൽ യാദവ് തുടങ്ങിയവരും ചടങ്ങിനെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു സിംഗ്.
1998 നവംബർ 23 ന് ഉത്തർപ്രദേശിലെ വാരണാസിയിലാണ് പ്രിയ സരോജ് ജനിച്ചത്. മൂന്ന് തവണ പാർലമെന്റ് അംഗവും ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി എം.എൽ.എയുമായ തുഫാനി സരോജിന്റെ മകളാണ് പ്രിയ സരോജ്.
ന്യൂദൽഹിയിലെ എയർഫോഴ്സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രിയ സരോജ്, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടി. അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ലോ (എൽഎൽബി) ബിരുദവും നേടി.
2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ, പ്രിയ സരോജ് മച്ച്ലിഷഹർ ലോക്സഭാ മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ ബിപി സരോജിനെ 36,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. 25-ാമത്തെ വയസിലാണ് പ്രിയ സരോജ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാണ് പ്രിയ സരോജ്.