മുല്ലൻപൂർ: പരിക്കിൽ നിന്ന് പൂർണ മോചിതനായി സഞ്ജു സാംസൺ നായകസ്ഥാനം ഏറ്റെടുത്ത മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെ 50 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാൻ ഓപണർ യശസ്വി ജയ്‌സ്വാൾ (67), റിയാൻ പരാഗ് (43), സഞ്ജു സാംസൺ (38) എന്നിവരുടെ മികവിൽ നാലു വിക്കറ്റിന് 205 റൺസ് നേടിയപ്പോൾ പഞ്ചാബിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
25 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ ആണ് മാൻ ഓഫ് ദി മാച്ച്. രണ്ട് മത്സരങ്ങളിൽ തോൽവിയോടെ സീസൺ തുടങ്ങിയ രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ചേർന്ന ഓപണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രാജസ്ഥാന് മുല്ലൻപൂർ സ്റ്റേഡിയത്തിലെ ഉയർന്ന സ്‌കോർ സമ്മാനിച്ചത്. മുൻ മത്സരങ്ങളിൽ ഫോമിലെത്താതെ പോയ ജയ്‌സ്വാൾ കരുതലോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ആഞ്ഞടിക്കുകയായിരുന്നു. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും 45 പന്ത് നേരിട്ട യുവതാരത്തിന്റെ ബാറ്റിൽ നിന്നു പിറന്നപ്പോൾ ആറ് ബൗണ്ടറികളുമായി സഞ്ജു മികച്ച പിന്തുണ നൽകി. 11-ാം ഓവറിൽ ടീം സ്‌കോർ 89-ൽ നിൽക്കെ ലോക്കി ഫെർഗുസന്റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങിയപ്പോഴാണ് ഈ സഖ്യം തകർന്നത്. 26 പന്താണ് സഞ്ജു നേരിട്ടത്.
സഞ്ജു പുറത്തായ ശേഷം ക്രീസിലെത്തിയ റിയാൻ പരാഗും (25 പന്തിൽ 43 നോട്ടൗട്ട്) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു വീതം സിക്‌സറും ബൗണ്ടറികളും പരാഗ് നേടി.നിതീഷ് റാണ (12), ഷിംറോൺ ഹെറ്റ്‌മെയർ (20), ധ്രുവ് ജുറേൽ (13 നോട്ടൗട്ട്) എന്നിവരാണ് രാജസ്ഥാന്റെ മറ്റ് ബാറ്റർമാർ. പഞ്ചാബിനു വേണ്ടി ലോക്കി ഫെർഗൂസൻ രണ്ടും അർഷ്ദീപ് സിങ്, മാർക്കോ ജാൻസൻ എന്നിവർ ഓരോന്നു വീതവും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ രണ്ടു വിക്കറ്റുകൾ ആദ്യ ഓവറിൽ തന്നെ പിഴുത് ജോഫ്ര ആർച്ചർ രാജസ്ഥാന് സ്വപ്‌നതുല്യമായ തുടക്കം നൽകി. ഓപണർ പ്രിയാൻഷ് ആര്യയെ ആദ്യ പന്തിൽ ബൗൾഡാക്കിയ ആർച്ചർ, തന്നെ രണ്ടുതവണ ബൗണ്ടറി കടത്തിയ ശ്രേയസ് അയ്യരുടെ കുറ്റി അവസാന പന്തിൽ തെറിപ്പിച്ച് കളിയിൽ വഴിത്തിരിവുണ്ടാക്കി. അപകടകാരിയായ മാർക്കസ് സ്റ്റോയ്‌നിസിനെ (1) സന്ദീപ് ശർമയും ഒരറ്റത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ച പ്രഭ്‌സിമ്രൻ സിങ്ങിനെ (17) യുവതാരം കാർത്തികേയയും പുറത്താക്കിയപ്പോൾ ഏഴാം ഓവറിൽ പഞ്ചാബ് നാലു വിക്കറ്റിന് 43 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഈ ഘട്ടത്തിൽ ഒരുമിച്ച നിഹാൽ വധേരയും (62) ഗ്ലെൻ മാക്‌സ് വെല്ലും (30) പഞ്ചാബിന്റെ പ്രതീക്ഷകൾക്ക് നിറംപകർന്നു. എന്നാൽ, 15-ാം ഓവറിലെ അവസാന പന്തിൽ മാക്‌സ് വെല്ലിനെ ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ച് മഹീഷ് തീക്ഷണ അപകടമൊഴിവാക്കി. തൊട്ടടുത്ത ഓവറിലെ ആദ്യപന്തിൽ വധേരയെ ഹസരങ്കയും മടക്കിയതോടെ കളി പൂർണമായും രാജസ്ഥാന്റെ വരുതിയിലായി.
ബാറ്റിങ്ങിലെ മികവിനു പുറമെ ക്യാപ്ടൻസിയിൽ സഞ്ജു സാംസൺ പുലർത്തിയ മികവാണ് വിജയത്തിനു പിന്നിൽ നിർണായകമായത്. താരം പഞ്ചാബ് ബാറ്റർമാർ അപകടകാരികളാകുന്നുവെന്ന് തോന്നിച്ചപ്പോഴൊക്കെ സമർത്ഥമായ ബൗളിങ് ചെയ്ഞ്ചിലൂടെ സഞ്ജു അതിന് തടയിട്ടു. ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റ് നേടിയപ്പോൾ സന്ദീപ് ശർമ, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവീതവും കാർത്തികേയ, വനിന്ദു ഹസരങ്ക എന്നിവർ ഓരോന്നു വീതവും വിക്കറ്റെടുത്തു.