ന്യൂഡല്‍ഹി– ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂര്‍ണമെന്റായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി (ഐപിഎല്‍)ന്റെ ബിസിനസ് മൂല്യം 18.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഒരു നിക്ഷേപ ബാങ്കിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ഏറ്റവും ഉയര്‍ന്ന വരുമാനം ലഭിക്കാന്‍ ഐപിഎല്‍ ഇടയാക്കിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2020-ല്‍ മാത്രം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 11 ബില്യണ്‍ ഡോളറിലധികം വരുമാനം ലഭിക്കാന്‍ ഈ ടൂര്‍ണമെന്റ് കാരണമായിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി സ്പോര്‍ട്സ് ഫ്രാഞ്ചൈസികള്‍ക്ക് മൂല്യം കല്‍പ്പിച്ചിട്ടുള്ള യുഎസ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഹൗലിഹാന്‍ ലോകിയുടെ അഭിപ്രായത്തില്‍ 10 ടീമുകളുള്ള ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.8 ശതമാനം ഉയര്‍ന്ന് 3.9 ബില്യണ്‍ ഡോളറിലെത്തി. ഈ വര്‍ഷം സ്റ്റാര്‍ താരം വിരാട് കോഹ്ലിക്കൊപ്പം അവരുടെ ആദ്യ ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, അഞ്ച് തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും മുംബൈ ഇന്ത്യന്‍സിനെയും മറികടന്ന് 269 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യം നേടി. 242 മില്യണ്‍ ഡോളറുമായി മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനത്തും 235 മില്യണ്‍ ഡോളറുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
”ഒരു ക്രിക്കറ്റ് ലീഗ് എന്ന നിലയില്‍ നിന്ന് മാറി ഒരു ആഗോള കായിക പ്രതിഭാസമായി ഐപിഎല്‍ മാറിയിരിക്കുന്നു. കായിക രംഗത്തെ വ്യാപാര മേഖലയിലും മറ്റ് വാണിജ്യ മേഖലകളിലും ഇത് ചെലുത്തുന്ന സ്വാധീനം വലുതാണ്. അതുകൊണ്ടു തന്നെയാണ് മൂല്യം കുതിച്ചുയര്‍ന്നത്. മീഡിയ റൈറ്റ് ഇടപാടുകള്‍ റെക്കോര്‍ഡ് മൂല്യമാണ് ഉയര്‍ന്നത്. വിവിധ മേഖലകളിലെ ബ്രാന്‍ഡ് പങ്കാളിത്തങ്ങളില്‍ വന്‍ വര്‍ധനവുണ്ടായി.”- ഹൗലിഹാന്‍ ലോകി പ്രതിനിധി ഹര്‍ഷ് ടാലികോട്ടി വ്യക്തമാക്കി. അഹ്‌മദാബാദിലെ ലോകോത്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന കഴിഞ്ഞ വര്‍ഷ ഫൈനല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആണ് കിരീടം നേടിയത്. 2025-ലെ ഫൈനലിന് ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാറില്‍ 678 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചതായും ഈ വര്‍ഷം ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തെ മറികടക്കുന്നതായിരുന്നു അതെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകമെമ്പാടും സംപ്രേഷണം ചെയ്യുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്ലര്‍ തുടങ്ങിയ മുന്‍നിര അന്താരാഷ്ട്രാ താരങ്ങളും അണിനിരക്കാറുണ്ട്. ബോളിവുഡ് സിനിമാ സൂപ്പര്‍സ്റ്റാറുകള്‍ നേതൃത്വം നല്‍കുന്ന നിരവധി ടീമുകളുമായി നടത്തുന്ന മത്സരം കായികം മാത്രമല്ല വാണിജ്യ രംഗത്തെ ഷോ ആയും സംയോജിപ്പിച്ച് ആണ് സംഘാടനമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.