ഹരാരെ: സിംബാബ് വെയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ഇന്ത്യ. അനായാസ ജയം സ്വപ്‌നം കണ്ടിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച ആതിഥേയര്‍ പൊരുതി തോല്‍ക്കുകയായിരുന്നു. സിംബാബ് വെയെ 23 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ് വെ 159 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. ആദ്യ പത്തോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സാണ് സിംബാബ് വെ നേടിയത്. എന്നാല്‍ പിന്നീട് പത്തോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 99 റണ്‍സ് ടീം നേടി. മല്‍സരം കൈവിട്ടു പോവുമെന്ന നിലയിലായിരുന്നു ഇന്ത്യ. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ 159 റണ്‍സ് നേടിയത്.
49 പന്തില്‍ 65* റണ്‍സുമായി നിന്ന ഡിയോണ്‍ മയേഴ്‌സാണ് ടോപ് സ്‌കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും തിളങ്ങി. 15 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.
രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മധേവേരയെ(1) വീഴ്ത്തി ആവേശ് ഖാനാണ് സിംബാബ് വെയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. മറുമാണിയെ(13) ഖലീല്‍ പുറത്താക്കി. ബ്രയാന്‍ ബെന്നറ്റിനെ(4) രവി ബിഷ്‌ണോയിയുടെ വണ്ടര്‍ ക്യാച്ചിലൂടെ മടക്കി. സിംബാബ്വെ പവര്‍ പ്ലേ കഴിയുമ്പോള്‍ 37-3ലേക്ക് വീണിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവറില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെയും(15), ജൊനാഥന്‍ കാംപ്ബെല്ലിനെയും(1) വീഴ്ത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയില്‍ നിന്നാണ് സിംബാബ്‌വെ ആറ് വിക്കറ്റിന് 159 എന്ന നിലയിലെത്തിയത്. മയേഴ്‌സും മദാന്ദെയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടിലൂടെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ഇരുവരും തകര്‍ത്തടിച്ചതോടെ ഇന്ത്യ തോല്‍വി മണത്തു.
ആവേശ് ഖാന്റെ അവസാന ഓവറില്‍ 19ഉം രവി ബിഷ്‌ണോയ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 ഉം റണ്‍സാണ് സിംബാബ്വെ നേടിയത്. മയേഴ്‌സ് 49 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി 65 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മദാന്ദെ 26 പന്തില്‍ 37 റണ്‍സടിച്ചു. ഇന്ത്യക്കായി ഖലീല്‍ ആഹമ്മദ് നാലോവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റും ആവേശ് ഖാന്‍ നാലോവറില്‍ 39 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തിരുന്നു. നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 182 റണ്‍സ് നേടിയത്. 49 പന്തില്‍ 66 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്‌സ്സ്വാള്‍ 36ഉം അഭിഷേക് ശര്‍മ 10 ഉം റണ്‍സെടുത്ത് പുറത്തായി. പതിനെട്ടാം ഓവറില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയോടെ 12 റണ്‍സുമായും റിങ്കു സിംഗ് ഒരു റണ്ണുമായും പുറത്താകാതെ നിന്നു.