സെന്റ്‌ലൂസിയ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച് ടീം ഇന്ത്യ. സൂപ്പര്‍ എട്ടിലെ ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 206 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ കംഗാരുക്കള്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സേ നേടാനായുള്ളൂ. മൂന്ന് വിക്കറ്റെടുത്ത അര്‍ഷദീപ് സിങ്, രണ്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് എന്നിവരാണ് ഓസിസ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടിയത്.
ബുംറയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ട്രാവിസ് ഹെഡാണ് (76)ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോര്‍. താരം 43 പന്തിലാണ് 76 റണ്‍സ് നേടിയത്. മിച്ചല്‍ മാര്‍ഷ് 37 ഉം റണ്‍സെടുത്ത് പൊരുതി. ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ അര്‍ഷ്ദീപ് പുറത്താക്കി മികച്ച തുടക്കം ഇന്ത്യയ്ക്ക് നല്‍കി. യാദവിന് ക്യാച്ച് നല്‍കിയായിരുന്നു വാര്‍ണറുടെ മടക്കം. എന്നാല്‍ വെടിക്കെട്ട് താരം ട്രാവിസ് ഹെഡും മാര്‍ഷും ചേര്‍ന്ന് വെടിക്കെട്ട് പൂരം തുടങ്ങിയപ്പോള്‍ ഇന്ത്യ ക്യാംപിന്റെ ആവേശം കുറച്ച് കുറഞ്ഞു.
എന്നാല്‍ കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 8.6 ഓവറില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കി മാര്‍ഷിന് തിരിച്ചയച്ചു. ഇത് ഇന്ത്യയുടെ ഊര്‍ജ്ജം വീണ്ടെടുത്തു.
മറുവശത്ത് ട്രാവിസ് ഹെഡ്ഡ് അടിക്കുമ്പോഴും ഇന്ത്യന്‍ നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ് പന്തെറിഞ്ഞത്. 20 റണ്‍സെടുത്ത മാക്‌സ് വെല്ലിനെ പുറത്താക്കിയതും യാദവ്. ഏറെ ഭീഷണിയാവുമെന്ന് ഉറപ്പുള്ള മാക്‌സ് വെല്ലിന്റെ വിക്കറ്റ് നഷ്ടമാവുന്നത് 13.1 ഓവറിലാണ്. സ്‌കോര്‍ 128-3. മാക്‌സിയുടെ വിക്കറ്റ് നഷ്ടമായത് ഇന്ത്യയുടെ വിജയപ്രതീക്ഷ പിന്നെയും കൂട്ടി. ബ്ലൂസിന്റെ അടുത്ത ലക്ഷ്യം ട്രാവിസ് ഹെഡായിരുന്നു. അതും സക്‌സസ്. 16ാമത്തെ ഓവറില്‍ വെറ്ററന്‍ ബുംറ രോഹിത്ത് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കി ഹെഡിനെയും പറഞ്ഞയച്ചു.
തുടര്‍ന്ന് വന്ന ഡേവിഡ് 15 റണ്‍സെടുത്തെങ്കിലും അര്‍ഷദീപ് ബുംറയ്ക്ക് ക്യാച്ച് നല്‍കി താരത്തെ പവലിനിയിലേക്ക് തിരിച്ചയച്ചു. പിന്നീട് വന്ന വെയ്ഡിനെയും (1) അര്‍ഷദീപ് യാദവിന് പിടികൊടുത്ത് പുറത്താക്കി. പാറ്റ് കമ്മിന്‍സ് (11), സ്റ്റാര്‍ക്ക് (4) എന്നിവര്‍ പുറത്താവാതെ നിന്നെങ്കിലും ടീമിനെ ജയിപ്പിക്കാനുള്ള ഇന്നിങ്‌സിന് അവര്‍ക്കായില്ല.
നേരത്തെ ടോസ് ലഭിച്ച ഒസീസ് ഇന്ത്യയെ ബാറ്റിങനയക്കുകയായിരുന്നു. എന്നാല്‍ ഓസിസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് തെറ്റി. ഇന്ത്യ ഇന്ന് കംഗാരുക്കള്‍ക്കെതിരേ തുനിഞ്ഞിറങ്ങിയതായിരുന്നു. അതിന് ചുക്കാന്‍ പിടിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 205 റണ്‍സെടുത്തു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ആരാധകര്‍ രോഹിത്തിന്റെ വെടിക്കെട്ട് കാണുന്നത്. 41 പന്തില്‍ 92 റണ്‍സാണ് രോഹിത്ത് നേടിയത്. ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങിയതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. ഒസീസ് നിരയില്‍ എല്ലാ ബൗളര്‍മാര്‍ക്കും രോഹിത്തിന്റെ പ്രഹരമേറ്റിരുന്നു. എട്ട് റണ്‍സിന് സെഞ്ചുറി നഷ്ടമായെങ്കിലും മറക്കാന്‍ പറ്റാത്ത ഇന്നിങ്‌സാണ് ആരാധകര്‍ക്ക് നല്‍കിയത്. 19 പന്തിലാണ് രോഹിത്തിന്റെ അര്‍ദ്ധസെഞ്ചുറി. വിരാട് കോഹ്‌ലി ഗോള്‍ഡന്‍ ഡെക്കില്‍ പുറത്തായത് 1.4ാം ഓവറിലായിരുന്നു. ഇത് ഇന്ത്യന്‍ ക്യാംപിനെ ഞെട്ടിച്ചിരുന്നു. ഹാസല്‍വുഡിന്റെ പന്തില്‍ ഡേവിഡ് ക്യാച്ച് നല്‍കിയായിരുന്നു കോഹ്‌ലിയുടെ മടക്കം. പിന്നീട് എത്തിയത് ഋഷഭ് പന്തായിരുന്നു. പിന്നീട് രോഹിത്ത് ശര്‍മ്മ അടിതുടങ്ങി.
ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴുന്നത് 7.6ാം ഓവറിലാണ്. സ്‌കോര്‍ 93ല്‍ നില്‍ക്കെയാണ് ഇത്. 15 റണ്‍സെടുത്ത ഋഷഭ് പന്തിന്റെ വിക്കറ്റാണ് നഷ്ടമായത്. സ്‌റ്റോണിസിന്റെ പന്തില്‍ ഹാസല്‍വുഡിന് ക്യാച്ച് നല്‍കിയാണ് ഋഷഭ് കളം വിട്ടത്. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ സൂര്യകുമാര്‍ യാദവ് പിന്നീട് വന്ന് ഫോം നിലനിര്‍ത്തി. രോഹിത്തിനൊപ്പം ചേര്‍ന്ന് സൂര്യ അടി തുടങ്ങി. 11.2 ഓവറിലാണ് രോഹിത്ത് പുറത്താവുന്നത്. സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഈ സമയം ഇന്ത്യ 127 റണ്‍സുമായി മികച്ച നിലയിലായിരുന്നു. സ്‌കോര്‍ 159ല്‍ എത്തിനില്‍ക്കെയാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യയ്ക്ക് നഷ്ടമാവുന്നത്. താരം 16 പന്തില്‍ 31 റണ്‍സ് നേടിയാണ് കളം വിട്ടത്. പിന്നീടെത്തിയ ശിവം ഡുബേയും (28), ഹാര്‍ദ്ദിക്ക് പാണ്ഡെയും(17 പന്തില്‍ 27*) വെടിക്കെട്ട് പുറത്തെടുത്തപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു. ശിവം ഡുബേ പുറത്താവുന്നത് സ്റ്റോണിസിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കിയാണ്. ഒടുവില്‍ അഞ്ച് വിക്കറ്റിന് 205 റണ്‍സെന്ന മികച്ച ടോട്ടല്‍ കംഗാരുക്കള്‍ മുന്നില്‍ വയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
തോല്‍വിയോടെ ഓസീസിന്റെ സെമി പ്രവേശനം തുലാസിലായി. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. നാളെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കടക്കും. ബംഗ്ലാദേശ് കൂറ്റന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ സെമിയില്‍ കടക്കൂ. ഓസീസ് സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശുമായി അഫ്ഗാന്‍ തോല്‍ക്കണം. എന്നാല്‍ ബംഗ്ലാദേശ്, ഓസീസിന്റെ നേറ്റ് റണ്‍റേറ്റ് മറിടകടക്കന്ന് ജയിക്കാനും പാടില്ല.