മാഞ്ചസ്റ്റർ: സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിന്റെ ക്ഷണം നിരസിച്ച് പോർച്ചുഗീസ് സൂപ്പർ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനൊരുങ്ങുന്ന താരത്തിന് ‘ഭ്രാന്തമായ’ തുകയാണ് അൽ ഹിലാൽ ഓഫർ ചെയ്തതെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. യൂറോപ്പിലെ മുൻനിര ഫുട്‌ബോളിൽ തുടരാനാണ് ബ്രൂണോയ്ക്ക് താൽപര്യമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.
2024-25 സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മോശം പ്രകടനവും അടുത്ത സീസണിൽ യൂറോപ്യൻ ടൂർണമെന്റുകളിലൊന്നും പങ്കാളിത്തമില്ലാത്തതും കാരണം ബ്രൂണോ ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടെയാണ് ക്ലബ്ബ് ലോകകപ്പിന്റെ ഭാഗമായി ടീം ശക്തിപ്പെടുത്താനൊരുങ്ങുന്ന അൽ ഹിലാൽ ബ്രൂണോയ്ക്കു വേണ്ടി രംഗത്തുവന്നത്. അൽ ഹിലാലും യുനൈറ്റഡും തമ്മിൽ കരാർ ധാരണയായി എന്ന വാർത്തകൾക്കിടെയാണ് താരം സൗദിയിലേക്കില്ലെന്ന് റൊമാനോ വ്യക്തമാക്കിയിരിക്കുന്നത്.
അൽ ഹിലാലിന്റെ ഓഫർ നിരസിച്ചെങ്കിലും ബ്രൂണോ യുനൈറ്റഡിൽ തന്നെ തുടരുമോ എന്നു വ്യക്തമല്ല. പ്രതിസന്ധികൾക്കിടയിലും മാഞ്ചസ്റ്ററിന്റെ മികച്ച കളിക്കാരിലൊരാളാണ് ബ്രൂണോ. അടുത്ത സീസണിന്റെ ഭാഗമായി മികച്ച കളിക്കാരെ എത്തിച്ച് കോച്ച് റൂബൻ അമോറിം ക്ലബ്ബ് ശക്തിപ്പെടുത്താനൊരുങ്ങുമ്പോൾ ബ്രൂണോ ക്ലബ്ബിലുണ്ടാകണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.