മാഡ്രിഡ്- ഫുട്ബോൾ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടുമൊരു ക്ലാസിക് ഫൈനല്‍. സ്പെയിനിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്റായ കോപ ഡെല്‍ റേ ഫൈനല്‍ ഇന്ന് രാത്രി 11 മണിക്ക് (ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.30 ന്) ലാ ഹര്‍തുജയില്‍ അരങ്ങേറുമ്പോള്‍ ബൂട്ട് കെട്ടി ഇറങ്ങുന്നത് ലാലിഗയിലും കിരീട പോരാട്ടം തുടരുന്ന ബദ്ധവൈരികളായ റയലും ബാഴ്സയും. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ റയൽ അഭിമാനം നിലനിർത്താൻ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ട്രിപ്പിൾ കിരീടമെന്ന സുവർണ മോഹത്തിൽ ബാഴ്സയും ഒരുങ്ങിത്തന്നെയാണ് വരുന്നത്. സീസണ്‍ അവസാനത്തോടെ ബ്രസീല്‍ നാഷണൽ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്ന റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻചലോട്ടിയുടെ അഭിമാന പ്രശ്നമായിരിക്കും കോപ ഡെല്‍ റേ.
റയലിന്റെ മിന്നും താരങ്ങളായ ഡേവിഡ് അലാബ, ഡാനി കാര്‍വഹാല്‍, റയലിന്റെ സൂപ്പര്‍ ബോയ്, റോഡ്രിഗോ, ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടുവ എന്നിവരെയും പരിക്ക് അലട്ടുന്ന സാഹചര്യത്തില്‍ അഞ്ചലോട്ടിക്ക് പകരക്കാരെ തിരയേണ്ടിവരും. എന്നാല്‍ പരിക്ക് കഴിഞ്ഞ് തിരികെയെത്തുന്ന എംബാപ്പെ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എതിരാളികളായ ബാഴ്സയുടെ കാര്യവും വ്യത്യസ്തമല്ല. ബാഴ്സയുടെ തുറുപ്പുചീട്ടായ ലെവെന്‍ഡൊവ്സ്‌കി, ഫുള്‍ബാക്കായ ബാള്‍ഡെ, ഗോള്‍കീപ്പര്‍ ടെറസ്റ്റീഗന്‍ എന്നിവരും പുറത്തായിരിക്കും. ലെവെന്‍ഡൊവ്സ്‌കിക്ക് പകരക്കാരനായി ഫെറാന്‍ ടോറസ് ആയിരിക്കും ബാഴ്സയുടെ അറ്റാക്കിങ് നിരയില്‍ ഉണ്ടായിരിക്കുക.
2014 ന് ശേഷം ആദ്യമായാണ് റയലും ബാഴ്സയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. അവസാനമായി റയലും ബാഴ്സയും ഏറ്റുമുട്ടിയ രണ്ട് കളികളിലും റയലിനായിരുന്നു തോല്‍വി.