റോം– ഓസ്ട്രിയൻ സ്കൈഡൈവിംഗ് ഇതിഹാസം ഫെലിക്സ് ബോംഗാർട്ട്നർ ഇറ്റലിയിൽ പാരാഗ്ലൈഡ് അപകടത്തിൽ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. പാരാഗ്ലൈഡർ ഉപയോഗിച്ച് പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി ഒരു ഹോട്ടലിന്റെ സ്വിമ്മിങ് പൂളിന് സമീപം ഇടിച്ചിറങ്ങുകയായിരുന്നു. പറക്കുന്നതിനിടെ അന്തരീക്ഷത്തിൽ വെച്ച് തന്നെ ബോംഗാർട്ട്നറുടെ ബോധം നഷ്ടപ്പെട്ടിരുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകട കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടത്തിൽ ഹോട്ടലിന്റെ സ്വിമ്മിങ് പൂളിനടുത്ത് ഉണ്ടായിരുന്ന ഒരു യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. കഴുത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2012ൽ ബഹിരാകാശത്ത് നിന്നും സൂപ്പർസോണിക് വേഗതയിൽ താഴേയ്ക്ക് ചാടിയ ഫെലിക്സ് ബോംഗാർട്ട്നറുടെ വീഡിയോ വൈറലായിരുന്നു. ഭൂമിയിൽ നിന്നും 39 കിലോമീറ്റർ ദൂരെ, സ്ട്രാറ്റോസ്ഫിയറിൽ നിന്നായിരുന്നു ഫെലിക്സിൻ്റെ ആ ചാട്ടം. റെഡ് ബുൾ സ്ട്രാറ്റോസ് പ്രോജക്ടിന്റെ ഭാഗമായി ചാടിയ ഫെലിക്സ് തിരിച്ച് ലാൻഡ് ചെയ്തത് മെക്സിക്കോയിലായിരുന്നു.
ഓസ്ട്രിയയിലെ സാൽസ്ബർഗിൽ ജനിച്ച ബോംഗാർട്ട്നർ തന്റെ 16-ാം വയസ്സിൽ ആദ്യത്തെ പാരച്യൂട്ട് ജമ്പ് പൂർത്തിയാക്കി. പിന്നീട് ഓസ്ട്രിയൻ സൈന്യത്തിൽ പാരച്യൂട്ടിസ്റ്റായി സേവനമുഷ്ഠിച്ചു.